നീനാ കൈരളി ഓണാഘോഷ പരിപാടി പ്രൗഢഗംഭീരമായി
ജയ്സൺ കിഴക്കയിൽ
Thursday, September 11, 2025 12:16 PM IST
ഡബ്ലിൻ: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ നടത്തിയ ഓണാഘോഷ പരിപാടി അവിസ്മരണീയമായി. ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ. റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
മാസങ്ങൾക്ക് മുൻപേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ, കായിക മത്സരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിരുന്നു. നീനാ കൈരളി, കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാന, തീപ്പൊരി, വേടൻ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകൾ.
മാസങ്ങൾ നീണ്ട നിരവധിമത്സരങ്ങൾക്കും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കും ഒടുവിൽ ടീം തീപ്പൊരി ഒന്നാമതെത്തി എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. ക്രിക്കറ്റ്, ബാഡ്മിന്റൺ, ലേലം, റമ്മി, തീറ്റ മത്സരം, ക്വിസ് എന്നിവയും നടന്നു.

ഗ്രൂപ്പ് അംഗങ്ങൾക്കും ഒപ്പം കുട്ടികൾക്കുമായി നീനാ ഒളിമ്പിക് അത്ലറ്റിക് ഹാളിൽ വച്ച് നിരവധി മത്സരങ്ങളുമായി ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സ്പോർട്സ്ഡേയും നടത്തി.
തിരുവാതിര, കൈകൊട്ടിക്കളി, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികൾ, മാവേലിമന്നനെ വരവേൽക്കൽ എന്നിവ ആഘോഷദിനത്തിന് മാറ്റുകൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ തിരുവോണാഘോഷങ്ങൾക്ക് തിരശീല വീണു.

പരിപാടികൾക്ക് കമ്മിറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്, ജിബിൻ, പ്രതീപ്, ടെലസ്, ജെസ്ന, ഏയ്ഞ്ചൽ, ജിജി, വിനയ തുടങ്ങിയവർ നേതൃത്വം നൽകി.