യുക്മ കലാമേള നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ
കുര്യൻ ജോർജ്
Friday, September 12, 2025 7:58 AM IST
ചെൽറ്റൻഹാം: യുക്മ കലാമേള നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ. യുക്മയുടെ ഏഴു റീജണുകളിൽ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. ദേശീയ കലാമേളയുടെ ലോഗോ രൂപ കൽപന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങൾ ഇന്ന് മുതൽ 21 വരെ അവസരമുണ്ടായിരിക്കും.
ഭാരതത്തിന്റെ കലാ,സാഹിത്യ,സാംസ്കാരിക,സിനിമ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്. താൽപര്യമുള്ളവർ യുക്മ ദേശീയ സെക്രട്ടറിയുടെ ഇമെയിലിൽ ലോഗോയും നഗരിയുടെ പേരും പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്. വിജയികൾക്കുള്ള സമ്മാനം നാഷനൽ കലാമേള വേദിയിൽ വെച്ച് നല്കപ്പെടുന്നതായിരിക്കും.
ഏതൊരു യുകെ മലയാളിക്കും ലോഗോ നഗർ നാമകരണ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ രൂപകൽപന ചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉള്ളൂ. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണ്.
ദേശീയ കലാമേളക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജണൽ കലാമത്സരങ്ങൾ സെപ്റ്റംബർ 27 വെയിൽസ് റീജണിൽ ആരംഭിക്കും. തുടർന്ന് ഒക്ടോബർ നാലിന് യോർക്ഷയർ ആൻഡ് ഹംബർ, സൗത്ത് ഈസ്റ്റ് റീജനുകളിലും ഒക്ടോബർ 11 ന് നോർത്ത് വെസ്റ്റ്, മിഡ്ലാൻഡ്സ് റീജനുകളിലും ഒക്ടോബർ 18 ന് ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജനുകളിലും നടത്തപ്പെടും.
റീജണൽ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകൾക്ക് അനുസൃതമായി ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹരാവുക.
വെയിൽസ് റീജനൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോഷി തോമസ്, ദേശീയ സമിതയംഗം ബെന്നി അഗസ്റ്റിൻ, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജനൽ മത്സരങ്ങൾക്ക് പ്രസിഡന്റ് അമ്പിളി സെബാസ്ത്യൻ, ദേശീയ സമിതിയംഗം ജോസ് വർഗ്ഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജിപ്സൺ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി സാംസൺ പോൾ, നോർത്ത് വെസ്റ്റ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതിയംഗം ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, മിഡ്ലാൻഡ്സ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോർജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ഈസ്റ്റ് ആംഗ്ലിയ റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോബിൻ ജോർജ്, ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, സൗത്ത് വെസ്റ്റ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് സുനിൽ ജോർജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നയിക്കുന്ന റീജനൽ കമ്മിറ്റികൾ നേതൃത്വം നൽകും.
റീജണൽ, നാഷണൽ കലാമേളകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി യുക്മ നാഷനൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. കലാമേളകളിൽ മത്സരാർഥികൾക്ക് റജിസ്റ്റർ ചെയ്യുവാനായി മുൻ വർഷങ്ങളിലെ പോലെ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളതായി നാഷനൽ സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു. കലാമേള റജിസ്ട്രേഷൻ സിസ്റ്റം പ്രവർത്തനക്ഷമമായതായി കലാമേള കൺവീനർ വർഗീസ് ഡാനിയേൽ അറിയിച്ചു.