യുക്മ ലൈഫ് ലൈൻ "യുക്മ ഫോർച്യൂൺ’ ലോട്ടറി വിൽപ്പന ആവേശകരമായി തുടരുന്നു
കുര്യൻ ജോർജ്
Friday, September 12, 2025 1:20 AM IST
ലണ്ടൻ: യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് ഇൻഷുറൻസ് പ്രൊവൈഡർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ’യുക്മ ഫോർച്യൂൺ’ ലോട്ടറിയുടെ വിൽപ്പന അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ ആവേശകരമായി തുടരുന്നു.
ഭാഗ്യശാലികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ലഭിക്കുന്ന വിധമുള്ള സമ്മാനഘടനയാണ് യുക്മ ഫോർച്യൂൺ ഇത്തവണ തയറാക്കിയിരിക്കുന്നത്. പതിനായിരം പൗണ്ട് ഒന്നാം സമ്മാനമായി ഒരു ഭാഗ്യശാലിയ്ക്ക് ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി നൽകുന്നത് 1 പവൻ സ്വർണമാണ്. മൂന്നാം സമ്മാനം 4 ഗ്രാം സ്വർണം വീതം രണ്ട് പേർക്ക് ലഭിക്കുമ്പോൾ നാലാം സമ്മാനം 7 പേർക്ക് 2 ഗ്രാം സ്വർണ്ണം വീതം ലഭിക്കുന്നതാണ്.
യുക്മയുടെ എല്ലാ റീജണുകൾക്കും ഒരു സമ്മാനമെങ്കിലും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. സ്വർണ സമ്മാനങ്ങളെല്ലാം 22 കാരറ്റ് സ്വർണമായിരിക്കും. പത്ത് രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
യുക്മ ഫോർച്യൂൺ ലോട്ടറിയുടെ മറ്റൊരു ആർർഷണീയത 50 പൗണ്ടിന്റെ ടെസ്കോ വൗച്ചറാണ്. ലൈഫ് ലൈൻ പ്രൊട്ടക്ട് വഴി നിങ്ങൾ ചെയ്യുന്ന മോർട്ട്ഗേജ്, റീമോർട്ട്ഗേജ് ഇടപാടുകൾക്ക് 50 പൌണ്ടിൻ്റെ ടെസ്കോ വൗച്ചറിന് അർഹരാകുവാൻ യുക്മ ഫോർച്യൂൺ ടിക്കറ്റുകൾ നിങ്ങൾക്ക് അവസരമൊരുക്കുന്നു. യുകെയിലെ പ്രമുഖ മോർട്ട്ഗേജ് ഇൻഷുറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ടാണ് മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്.
യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനം അതാത് റീജിയണുകൾക്കും അസോസിയേഷനുകൾക്കുമായി വീതിച്ച് നൽകും. ബാക്കി വരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. യുക്മ നാഷണൽ, റീജിയണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥമാണ് ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ യുക്മ ഫോർച്യൂൺ ലോട്ടറി സംഘടിപ്പിച്ചിരിക്കുന്നത്.
2025 നവംബർ 1ന് നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ വേദിയിൽ വച്ചായിരിക്കും യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തപ്പെടുക. മുൻ വർഷങ്ങളിലേത് പോലെ ഇക്കുറിയും യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപ്പനയ്ക്ക് മുഴുവൻ യു കെ മലയാളികളുടെയും പിന്തുണയുണ്ടാകണമെന്ന് യുക്മ ദേശീയ നിർവ്വാഹക സമിതി അഭ്യർത്ഥിച്ചു.
യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ 07403203066, ട്രഷറർ ഷീജോ വർഗ്ഗീസ് 07852931287, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ 07713183350 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.