ജർമനിയിൽ ശവസംസ്കാര രീതികളിൽ മാറ്റം; പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ
ജോസ് കുമ്പിളുവേലിൽ
Friday, September 19, 2025 6:25 AM IST
ബര്‍ലിന്‍: ജർമനിയിൽ മൃതദേഹം സംസ്കാരം ചെയ്യുന്ന രീതികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി റൈൻലാൻഡ്ഫാൽസ് സംസ്ഥാനം പുതിയ നിയമം കൊണ്ടുവരുന്നു. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം അനുസരിച്ച്, മരിച്ചവരുടെ ചിതാഭസ്മം സ്വന്തം പൂന്തോട്ടത്തിൽ സംസ്കരിക്കാൻ സാധിക്കും. സംസ്കാരം വീടുകളിലേക്ക് വ്യാപിപ്പിക്കാൻ അനുമതി നൽകുന്ന ജർമനിയിലെ ആദ്യ സംസ്ഥാനമായി റൈൻലാൻഡ്ഫാൽസ് ഇതോടെ മാറും.
നിലവിൽ, ജർമനിയിൽ സംസ്കാരം സെമിത്തേരികളിൽ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതിയ നിയമം വ്യക്തികൾക്ക് അവരുടെ സ്വന്തം സ്ഥലത്ത് ചിതാഭസ്മം സംസ്കരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു.
സാമ്പത്തിക ലാഭമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. സെമിത്തേരിയിലെ സംസ്കാര ചടങ്ങുകളെക്കാൾ വളരെ കുറഞ്ഞ ചെലവിൽ വീട്ടുമുറ്റത്തോ നദികളിലോ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ കഴിയും.
ചിതാഭസ്മം റൈൻ നദിയിൽ മാത്രമല്ല, മോസെൽ, ലാൻ, സാർ തുടങ്ങിയ നദികളിലും ഒഴുക്കാൻ പുതിയ നിയമം അനുമതി നൽകുന്നുണ്ട്. എന്നിരുന്നാലും, ഈ തീരുമാനത്തെക്കുറിച്ച് പരിസ്ഥിതിപരമായ ആശങ്കകളും ഉയർന്നിട്ടുണ്ട്.