എംസിവൈഎം ബോണില്‍ തിരുവോണം ആഘോഷിച്ചു
ജോസ് കുമ്പിളുവേലില്‍
Friday, September 19, 2025 8:04 AM IST
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് മേഖല) എംസിവൈഎം അംഗങ്ങളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7 ഞായറാഴ്ച ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്ററ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. രാവിലെ 11 മണിയ്ക്ക് ആഘോഷമായ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ കന്യാക മറിയത്തിന്റെ ജനനതിരുന്നാളും ഏറെ ഭക്തിപൂര്‍വം കൊണ്ടാടി.

ഇടവക വികാരി റവ.ഡോ. ഫാ.ജോസഫ് ചേലപറമ്പത്ത്, ബോണ്‍ എംസിവൈഎം പ്രസിഡന്റ് അലക്സി, എംസിവൈഎം സെക്രട്ടറി ബെന്‍, മാധ്യമപ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ ജോസ് കുമ്പിളുവേലില്‍, ബോണിലെ യുഎന്‍(സിസിഡി) ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ഡിപ്ളോമറ്റ് സോമരാജന് പിളൈ്ള എന്നിവര്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
അലക്സി സ്വാഗതം ആശംസിച്ചു. റവ.ഡോ ജോസഫ് ചേലംപറമ്പത്ത് അധ്യക്ഷ പ്രസംഗം നടത്തി.ജോസ് കുമ്പിളിവേലില്‍ ( പ്രവാസി ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍),സോമരാജന് പിളൈ്ള, ഗ്രേസി (മാതൃസമാജം), ലാജി (ട്രസ്റ്റി) എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.അനു അച്ചന്‍കുഞ്ഞ് (എംസിവൈഎം, ട്രസ്ററി, ബോണ്‍) നന്ദി പറഞ്ഞു.ജിറ്റി അരുണ്‍ പരിപാടികളുടെ അവതാരകയായി.
ഉച്ചകഴിഞ്ഞ് നടന്ന ഓണാഘോഷ പരിപാടികളില്‍ കെങ്കേമമായ ഓണസദ്യയും, വിവിധ കലാപരിപാടികളും, ഓണകളികളും, വാശിയേറിയ വടംവലി മല്‍സരവും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.പായസവും വിവിധ ഇനങ്ങള്‍ കറികളും ഉള്‍പ്പടെ, ഇടവകയിലെ കുടുംബങ്ങളാണ് ഇത്തവണ ഓണസദ്യ തയ്യാറാക്കിയത്. പരിപാടികള്‍ വളരെ ഭംഗിയായും അച്ചടക്കത്തോടും ക്രമീകരിക്കാന്‍ എംസിവൈഎം അംഗങ്ങള്‍ സഹായിച്ചു.