ഓസ്ട്രിയയിലെ ദേശീയ വോളീബോൾ വേദികൾ കൈയടക്കാൻ ഐഎസ് സി വിയന്നയ്ക്ക് പുതിയ ചാപ്റ്റർ
ജോബി ആന്റണി
Thursday, September 25, 2025 8:15 AM IST
വിയന്ന: കഴിഞ്ഞ 45 വർഷമായി മലയാളികളുടെ നേതൃത്വത്തിൽ ഓസ്ട്രിയയിൽ പ്രവർത്തിക്കുന്ന ഐഎസ്സി വിയന്ന വോളിബോൾ ക്ലബിന്റെ പുതിയ യുണിറ്റ് ഓസ്ട്രിയയിലെ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ഓസ്ട്രിയയിലെ മലയാളസമൂഹത്തിന് അഭിമാനമായി നിലനിൽക്കുന്ന ഐഎസ്സി വിയന്നയിൽ നിന്നും വളർന്നു വന്ന പുതുതലമുറ താരങ്ങളാണ് ഐഎസ്സി വിയന്ന ടൈറ്റൻസ് എന്ന പേരിൽ ലീഗ് മത്സരങ്ങളിൽ പൊരുതാൻ ഇറങ്ങുന്നത്.
വിയന്നയിലെ ആദ്യകാല മലയാളികൾ ആരംഭിച്ച ഇന്ത്യൻ സ്പോർട്സ് ക്ലബ് (ഐഎസ് സി വിയന്ന) യൂറോപ്പിൽ ഭാരതീയർക്കുവേണ്ടി സംഘടിപ്പിക്കുന്ന പല മത്സരങ്ങളിലും തുടർച്ചയായി പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായി തന്നെയാണ് പുതുതലമുറ താരങ്ങൾ ലീഗ് മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്. വിയന്നയിലെ രണ്ടാം തലമുറയിൽ നിന്നുള്ള അനീഷ് മംഗലത്താണ് ഐഎസ്സി വിയന്ന ടൈറ്റൻസിനെ നയിക്കുന്നത്.
വിവിധ ദേശിയ അന്തർദേശിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള യുവതാരങ്ങൾ ഉൾപ്പെട്ട ശക്തമായ ടീമാണ് ടൈറ്റൻസ് ലീഗ് ടീമിൽ ഇടം നേടിയിരിക്കുന്നത്. അരുൺ മംഗലത്ത്, അനീഷ് മംഗലത്ത്, ആദിത്യൻ ഷൈനി മനോജ്, നീരജ് സേട്ടിപള്ളി, കെവിൻ ഞൊണ്ടിമാക്കൽ, ബെഞ്ചമിൻ പാലമറ്റം, കിരൺ വെട്ടുകാട്ടേൽ, ടോം ബോബൻ പുത്തൂർ, റോണി ലൂക്കോസ്, സാജൻ ചെറുകാട്, പ്രിൻസ് സാബു, ഹസ്ലാർ ഖാൻ ലത്തീഫ്, റ്റെജോ കിഴക്കേക്കര, ഫ്രാൻസിസ് കിഴക്കേക്കര, എബി കുരുട്ടുപറമ്പിൽ, കാസ്പർ ഡി കീസർ, എഗോർ ബർമിസ്ട്രോവ്, ഡാരിസ് ഒമർഖെയ്ൽ, മിൻഡേവിഡ് എൽ.ഇ, മുഹമ്മദ് താഹിരി, റയാൻലൂയിജി ഗുമ്പോക്, സാമി എച്ച്. സാലിഹോവിക് തുടങ്ങിയ വമ്പൻ താരങ്ങളാണ് ഐഎസ്സി വിയന്ന ടൈറ്റൻസിനുവേണ്ടി ജേഴ്സി അണിയുന്നത്.

യൂറോപ്പിൽ തന്നെ ആദ്യമായിട്ടാണ് ഒരു മലയാളി ടീം ലീഗ് വോളീബോളിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ടൈറ്റൻസിന്റെ ആദ്യ ഔദ്യോഗിക മത്സരം സെപ്റ്റംബർ 27ന് നടക്കും. കഴിഞ്ഞ ജൂണിൽ തന്നെ എല്ലാ നിയമപരമായ നടപടിക്രമങ്ങളും രജിസ്ട്രേഷനുകളും പൂർത്തിയാക്കിയ ഐഎസ്സി വിയന്ന ടൈറ്റൻസ് ടീം ഓസ്ട്രയയിലെ ശക്തരായ ഹോട്ട് വോളിസിനെ നേരിടും. മത്സരങ്ങൾ വിയന്നയിലെ ഇരുപതാമത്തെ ജില്ലയിലുള്ള ഹോപ്സഗാസെ 7ൽ സെപ്റ്റംബർ 27ന് വൈകിട്ട് 5 മണിയ്ക്ക് ആരംഭിക്കും.
മലയാളികളുടെ നേതൃത്വത്തിൽ ഓസ്ട്രിയയിൽ പ്രവർത്തിക്കുന്ന ഐഎസ്സി വിയന്നയുടെ പുതുതലമുറ താരങ്ങൾ രാജ്യത്തെ ലീഗ് മത്സരങ്ങളിലേയ്ക്ക് മാറ്റുരയ്ക്കാൻ തയ്യാറെടുക്കുന്ന നിമിഷങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കളും, ടീമിലെ മുതിർന്ന താരങ്ങളും, രാജ്യത്തെ മലയാളിസമൂഹവും ഉറ്റുനോക്കുന്നത്.