സ്റ്റീവനേജിൽ ഓൾ യുകെ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച
അപ്പച്ചൻ കണ്ണഞ്ചിറ
Friday, September 19, 2025 4:58 PM IST
സ്റ്റീവനേജ്: ഹർട്ട് ഫോർഡ്ഷെയറിലെ സ്റ്റീവനേജിൽ ഓൾ യുകെ ടി10 ക്രിക്കറ്റ് മത്സരം സ്റ്റീവനേജ് കൊമ്പൻസും ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം വേദിയാകും.
നാം, ബിഎംസിസി, കൊമ്പൻസ് - ഹോക്സ്, ഫോർട്ട് സിസി, മേർത്യർ ടൈറ്റൻസ്, ലൂട്ടൻ ടസ്ക്കേഴ്സ്, യുണൈറ്റഡ് സ്ട്രൈക്കേഴ്സ്, ഫാൽക്കൺ തണ്ടേഴ്സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.
നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടു വേദികളിലായിട്ടാവും മത്സരം നടക്കുക. എട്ടു ടീമുകൾ നോക്ക്ഔട്ട് അടിസ്ഥാനത്തിലാകും മത്സരിക്കുക. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകും.
ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428, അർജുൻ - 07717121991, ശരത് - 07741518558.