രാകേഷ് ശങ്കരനും പോള്‍ ഗോപുരത്തിങ്കലിനും ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആദരം
ജോസ് കുമ്പിളുവേലിൽ
Friday, September 19, 2025 3:13 PM IST
ലണ്ടന്‍: യുകെയിലെ പ്രമുഖ സാംസ്കാരിക സംഘടന ലണ്ടന്‍ മലയാള സാഹിത്യവേദി ജര്‍മനിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും പ്രമുഖ വ്യവസായ സംരംഭകനും ലോക കേരള സഭാംഗവും ഗ്ലോബല്‍ മലയാളി ഫെഡറേഷന് ചെയര്‍മാനുമായ പോള്‍ ഗോപുരത്തിങ്കലിനെയും യുകെയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനും നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനേതാവുമായ രാകേഷ് ശങ്കരനെയും രത്ന പുരസ്കാരം നല്കി ആദരിക്കുന്നു.
ശനിയാഴ്ച നടക്കുന്ന സിനിമ പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദന് നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ പ്രോഗ്രാമായ ലാലാ 2025ല്‍ പുരസ്കാര സമര്‍പ്പണം നടത്തും. വേദിയില്‍ യുവ സാഹിത്യകാരി സൗമ്യ കൃഷ്ണ, നഴ്സും ആരോഗ്യ മേഖലയില്‍ വ്യവസായ സംരംഭകയുമായ അമ്പളി മോബിന്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ റീനാ ജോണ്‍ എന്നിവരെയും പുരസ്കാരം നല്കി ആദരിക്കും.
ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോഓർഡിനേറ്റര്‍ റജി നന്തികാട്ട്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജിബി ഗോപാലന്, കോഓര്‍ഡിനേറ്റര്‍ രാജേഷ് നാലാഞ്ചിറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.