നെതർലൻഡ്സിൽ ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ
ജോസ് കുമ്പിളുവേലിൽ
Tuesday, September 23, 2025 4:27 PM IST
ഹോഫ് ഡോര്‍പ്പ് (നെതര്‍ലൻഡ്സ്): ഇവന്റ് സെന്റര്‍ ഫോക്കറില് ഹമ്മ (ഹാര്ലമര്മീര് മലയാളി അസോസിയേഷന്) ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ 200-ലധികം ആളുകൾ പങ്കെടുത്തു.
വിവിധ വിനോദങ്ങളും കലാപരിപാടികളും ഓണസദ്യയുമായി നടന്ന ആഘോഷം, പ്രവാസികൾക്ക് നാട്ടിലെ ഓണത്തിന്റെ ഓർമകൾ സമ്മാനിച്ചു. രാവിലെ 9.30ന് പരിപാടികൾ ആരംഭിച്ചു.
കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധതരം കളികളും ഓണപ്പാട്ടുകളും ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. മഹാബലിയെ വരവേറ്റതോടെ വേദിയുടെ ആവേശം ഇരട്ടിയായി.
പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച നൃത്തങ്ങളും മറ്റു കലാപരിപാടികളും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. കലാപരിപാടികൾക്ക് ശേഷം, എല്ലാവർക്കും ഓണസദ്യ ഒരുക്കിയിരുന്നു.
നാട്ടിൽ നിന്നും എത്തിയ മുതിർന്നവരും ആഘോഷത്തിൽ പങ്കെടുത്തു. വേദിക്ക് പുറത്ത് നടന്ന വടംവലി മത്സരം ആവേശഭരിതമായിരുന്നു. ഇത് പരിപാടിക്ക് കൂടുതൽ ഊർജ്ജം നൽകി.

വൈകുന്നേരം ചായയും പലഹാരങ്ങളും വിതരണം ചെയ്തു. 5.30ന് പരിപാടികൾ അവസാനിച്ചു.