സർഗം സ്റ്റീവനേജിന്റെ ഓണാഘോഷം ഗംഭീരമായി
അപ്പച്ചൻ കണ്ണഞ്ചിറ
Wednesday, September 24, 2025 2:59 PM IST
സ്റ്റീവനേജ്: ലണ്ടനിലെ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജ് ഓണാഘോഷം "പൊന്നോണം 2025' ബാൺവെൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓണപ്പൂക്കളത്തിനു വലംവച്ച് സർഗതാളത്തിന്റെ വാദ്യമേളത്തോടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെയും മഹാബലിയെ വേദിയിലേക്ക് ആനയിച്ചു.
പ്രസിഡന്റ് മനോജ് ജോൺ ആഘോഷത്തിന് ആമുഖമായി ഏവർക്കും സ്വാഗതം പറയുകയും തിരുവോണാശംസകൾ നേരുകയും ചെയ്തു. മാവേലിയോടൊപ്പം പ്രസിഡന്റ് മനോജ് ജോൺ, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ, ഖജാൻജി ജോർജ് റപ്പായി, വൈസ് പ്രസിഡന്റ് ടെസി ജെയിംസ്, ജോയിന്റ് സെക്രട്ടറി ആതിര മോഹൻ, കമ്മിറ്റി അംഗങ്ങളായ ജിനേഷ് ജോർജ്, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗീസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
വെൽക്കം ഡാൻസോടെ പരിപാടികൾ ആരംഭിച്ചു. "സർഗതാളം ചെണ്ട' ഗ്രൂപ്പ് ക്രിസ് ബോസിന്റെ നേതൃത്വത്തിൽ ശിങ്കാരി മേളം നടത്തി. തുടർന്ന് സമ്മാനദാനം നിർവഹിച്ചു. യുക്മയുടെ അംഗ അസോസിയേഷൻ എന്ന നിലയിൽ ഈസ്റ്റ് ആംഗ്ലിയ റീജണിൽ നിന്നും പ്രഥമ വർഷം തന്നെ സ്പോർട്സ് മീറ്റിൽ ലഭിച്ച റണ്ണറപ്പിനുള്ള ട്രോഫി സർഗം അസോസിയേഷന് വേണ്ടി യുക്മ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മനോജ് ജോൺ എന്നിവർ ചേർന്ന് സർഗം സ്പോർട്സ് ടീം ക്യാപ്റ്റൻ ടിന്റു മെൽവിന് സമ്മാനിച്ചു.


കൂടാതെ റീജണൽ തലത്തിൽ വിജയിച്ച ആറ് വ്യക്തിഗത ചാമ്പ്യന്മാരെയും ആദരിച്ചു. ആദം ജിന്റോ, ജോസഫ് റോബിൻ, സാവിയോ സിജോ, ജിന്റോ പ്ലാക്കാട്ട്, ദീപു ജോർജ്, ടിന്റു മെൽവിൻ അതോടൊപ്പം സമ്മാനങ്ങൾ നേടിയ കായിക താരങ്ങളായ ടോം ഷിബു, ആൽഫ്രഡ്, ജോവൻ, ജിൽസ, മെൽവിൻ, ആൽബി അടക്കം താരങ്ങളെ സർഗം അനുമോദിച്ചു.
ദേശീയ തലത്തിൽ തിളങ്ങുകയും വ്യക്തിഗത ചാമ്പ്യന്മാരാവുകയും ചെയ്ത സാവിയോ സിജോ, ടിന്റു മെൽവിൻ, ദേശീയ ഇനങ്ങളിൽ മെഡൽ നേടിയ ജോസഫ് റോബിനെയും പ്രത്യേകം അഭിനന്ദിച്ചു. യുക്മ സെക്രട്ടറി ഭുവനേഷ് പീതാംബരൻ പ്രസംഗിച്ചു. സ്റ്റീവനേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
ഓണസദ്യ, തിരുവാതിര, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, നൃത്തനൃത്ത്യങ്ങൾ, സ്കിറ്റുകൾ എന്നിവ ആഘോഷത്തെ വർണാഭമാക്കി. ടെസി ജെയിംസ്, ജിന്റു ജിമ്മി, പ്രിൻസൺ പാലാട്ടി എന്നിവർ അവതാരകരായി.

ജിഎസ്സിഇയിൽ ഉയർന്ന വിജയം നേടിയ മെൽവിൻ ഡി. മാത്യു, ആൻഡ്രിയ ജെയിംസ് എന്നിവർക്കുള്ള കാഷ് പ്രൈസ് മനോജ് ജോൺ വിതരണം ചെയ്തു. പരിപാടിയിൽ സജീവമായി പങ്കുചേരുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാവർക്കും സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ നന്ദി അറിയിച്ചു.
തിരുവോണ ഓർമകൾ ഉണർത്തി ഓണപ്പാട്ടോടെ ഹെൻട്രിനും ജെസ്ലിൻ വിജോയും തേജിനും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടു. ടാനിയ അനൂപും ഡോ. ആരോമലും ഗാനങ്ങൾ ആലപിച്ചു.
പോപ്പ് ഗാനവുമായി എറിൻ ജോൺ സദസിന്റെ കെെയടി ഏറ്റുവാങ്ങി. മരിയ ടോം, ഇവ അന്ന ടോം, ആൻ മേരി ജോൺസൺ, നിസി ഗിബി, ക്രിസ് ബോസ്, ഏഞ്ചൽ മേരി ജോൺസൺ, ആന്റണി ടോം എന്നിവരും ഗാനങ്ങൾ ആലപിച്ചു.

ജോവൻ, ആൽഫ്രഡ്, ബെല്ലാ ജോർജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ, ജോസ്ലിൻ, ടെസ അനി, ആദ്യ ആദർശ്, അദ്വൈത ആദർശ്, അന്ന, ലക്ഷമിത പ്രശാന്ത്, മരിയ അനി ജോസഫ്, സാറ സുനിൽ, റീത്ത, ഇഷ ബിബിൻ എന്നിവർ നൃത്തം അവതരിപ്പിച്ചു.
ആതിര, ടെസി, അനഘ, ശാരിക എന്നിവരുടെ ഗ്രൂപ്പ് ഡാൻസും അൻസ, അലീന, അന്ന, സോന, ടാനിയ, അനാമിക, അജീന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും വൈഗ വിവേക്, ജിൽസ, ഏഞ്ചൽ, ജോസ്ലിൻ, ഇവലിൻ, ലെന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും ഉണ്ടായിരുന്നു.
നോയൽ, ക്രിസ്, ജോഷ്, മരിറ്റ, ക്രിസി, ഹൃദ്യ എന്നിവർ ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു. എൽഇഡി സ്ക്രീനും ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ എട്ടു മണിക്കൂറോളം നീണ്ടുനിന്നു.