യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബർ 18 ന് റെയ്ലിയിൽ
സാജൻ പടിക്കമാലിൽ
Thursday, September 25, 2025 2:22 AM IST
ബെഡ്ഫോർഡ്: യുകെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 23 അംഗ അസോസിയേഷനുകളിൽ നിന്ന് ആയിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കുന്ന ഈ മഹോത്സവം ഒക്ടോബർ 18ന് ശനിയാഴ്ച റെയ്ലിയിൽ വിപുലമായ രീതിയിൽ അരങ്ങേറും. മത്സരാർഥികൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ഈസ്റ്റ് ആംഗ്ലിയയിലെ ഏറ്റവും വലിയ ജന പങ്കാളിത്തത്തോടെയും അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ മികവുറ്റ വേദിയാവും ഇത്തവണ ദി സ്വയനെ പാർക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുക. കലാസൗഹൃദ സദസിനുമുന്നിൽ സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരരുടെ അവതരണങ്ങൾ ആസ്വദിക്കാനും, സൗഹൃദവും സഹകരണവും പങ്കുവയ്ക്കാനുമുള്ള അപൂർവ അവസരമാകും ഈ കലാമേള. കലാകാരുടെ പ്രതിഭയും, ഭാവനയും, കഴിവും നിറഞ്ഞ വർണമഴയായിരിക്കും മത്സരവേദിയിൽ സാക്ഷ്യം വഹിക്കുക.
കലാകാരെ മത്സരവേദിയിലേക്ക് നയിക്കുവാനും, പ്രോത്സാഹിപ്പിക്കാനുമായി അംഗ അസോസിയേഷനുകൾ സജീവമാണ്. അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യത്തിന്റെ വിസ്മയവും നിറഞ്ഞ സുവർണവേളയായി റെയ്ലിയിലെ വേദി മാറുമ്പോൾ എല്ലാ കലാസ്നേഹികളെയും കലാമേളയിലേക്കു സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജോബിൻ ജോർജ് 07574674480
ജെയ്സൺ ചാക്കോച്ചൻ 07359477189
ഭുവനേഷ് പീതാബരൻ 07862273000
സുമേഷ് അരവിന്ദാക്ഷൻ 07795977571