യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ഒക്ടോബർ 11ന്
രാജപ്പൻ വർഗീസ്
Saturday, September 20, 2025 12:44 PM IST
ലണ്ടൻ: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കമ്മിറ്റി യോഗം ചേർന്നു. ഒക്ടോബർ 11ന് കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ നടക്കുന്ന റീജിയണൽ കലാമേളയുടെ ഒരുക്കങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി.
ഇത്തവണത്തെ കലാമേള നടക്കുന്ന നഗറിന് ഷേക്സ്പിയർ നഗർ എന്ന് നാമകരണം ചെയ്യാനും തീരുമാനിച്ചു. കാർഡിനൽ വൈസ് മെൻ സ്കൂളിലാണ് (Potters Green, Coventry, Cv2 2Aj) കലാമേള നടക്കുന്നത്.
രാവിലെ ഒമ്പത് മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. രാത്രി ഒമ്പതിന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
600 ലധികം മത്സരാർഥികൾ നാലു സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയുമുള്ള കലാമത്സരങ്ങളാണ് കവൻട്രിയിൽ അരങ്ങേറുന്നത്.
മൂന്നാം പ്രാവശ്യവും കവൻട്രിയിൽ നടത്തപ്പെടുന്ന റീജിയണൽ കലാമേളയ്ക്ക് കവൻട്രി കേരള കമ്യൂണിറ്റി (സികെസി) എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് ബാബു എബ്രാഹം അറിയിച്ചു.
യോഗത്തിൽ റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു. മിഡ്ലാൻസിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോർജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.
റീജിയണൽ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജിയണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.