ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറന്‍സിന് തുടക്കം
ജോസ് കുമ്പിളുവേലിൽ
Saturday, September 20, 2025 9:44 AM IST
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് "EVOKE'25 ഈ മാസം 19 മുതല്‍ 21 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കും.
സമ്മേളനത്തിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പൊലീത്ത, ഫാ. ഡോ. ജേക്കബ് മാത്യു, ഡോ. ഷൈനി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.
"നീയും പോയി അങ്ങനെ തന്നെ ചെയ്ക' (ലൂക്കാ 10:37) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്ലാസുകള്‍, സംവാദങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ഞായറാഴ്ച കുര്‍ബാനയോടുകൂടി സമാപിക്കും.
വികാരി ഫാ. രോഹിത് സ്കറിയ ജോര്‍ജി, സഹവികാരിമാരായ ഫാ. അശ്വിന് വര്‍ഗീസ് ഈപ്പന്, ഫാ. ജിബിന്‍ തോമസ് എബ്രഹാം, ട്രസ്റ്റി സിനോ തോമസ്, സെക്രട്ടറി ലിബിന് വര്‍ഗീസ്, ഫാമിലി കോണ്‍ഫറന്‍സ് കണ്‍വീനര്‍ ബിജോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.