കൊളോണ്‍ ദര്‍ശന തിയറ്റഴ്സിന്റെ നാടകം രണ്ടു നക്ഷത്രങ്ങള്‍ 27നും ഒക്ടോബര്‍ നാലിനും
ജോസ് കുമ്പിളുവേലിൽ
Saturday, September 20, 2025 11:23 AM IST
കൊളോൺ: നാല് പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജർമനിയിലെ കൊളോൺ ദർശന തിയറ്റഴ്സ് ഒരുക്കുന്ന 23-ാമത് നാടകം ‘രണ്ടു നക്ഷത്രങ്ങൾ’ ഈ മാസം 27, ഒക്ടോബര്‍ നാല് തീയതികളിൽ അരങ്ങേറും. ഇത്തവണ രണ്ടു സ്റ്റേജുകളിലാണ് നാടകം അവതരിപ്പിക്കുന്നത്.
ആദ്യത്തേത് 27ന് പതിവുപോലെ കൊളോൺ റാഡർത്താലിലെ സെന്റ് മരിയ എംഫേഗ്നസ് ദേവാലയ ഓഡിറ്റോറിയത്തിലും രണ്ടാമത്തേത് ഒക്ടോബർ നാലിന് കൊളോണിനടുത്തുള്ള റെഫ്റാത്ത് സിറ്റിസൺ ഹാളിലുമാണ് നടക്കുക.
രണ്ടു സ്ഥലങ്ങളിലും വൈകുന്നേരം ആറിനാണ് നാടകം ആരംഭിക്കുന്നത് (പ്രവേശനം 5.30 മുതൽ). 15 യൂറോയാണ് ടിക്കറ്റ് നിരക്ക്. ജർമനിയിലെ പരിചയസമ്പന്നരായ അഭിനേതാക്കൾക്കൊപ്പം പുതിയതായി നാട്ടിൽ നിന്നും എത്തിയിട്ടുള്ള കഴിവുറ്റ യുവനടീനടന്മാരെയും നാടകത്തിൽ ദർശന പരിചയപ്പെടുത്തുന്നത് ഒരു പ്രത്യേകതയാണ്.
12ലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ജോയ് മാണിക്കത്തും ദർശനയുടെ നിലവിലെ അമരക്കാരിൽ ഒരാളും നാടകകൃത്തുമായ ഗ്ലെൻസൻ മുത്തേടനുമാണ് രണ്ടു നക്ഷത്രങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കേരള സംസ്ഥാന സർക്കാരിന്റെയടക്കം ഒട്ടറെ അവാർഡുകൾ നേടിയ മികച്ച നാടകമാണ് രണ്ടു നക്ഷത്രങ്ങൾ. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകരചനയ്ക്കുള്ള പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രതിഭയായ ഹേമന്ദ്കുമാർ ആണ് നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
നാടകാസ്വാദകരുടെ മനം കവരുന്ന, പുതിയ ലോകത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന രചനാശൈലിയാണ് ഹേമന്ദ്കുമാറിന്റേത്.
വള്ളുവനാട് ബ്രഹ്മയെന്ന നാടകസമിതിയുടെ നിർമാണ സഹായത്തോടെ ദർശന അണിയിച്ചൊരുക്കുന്ന നാടകത്തിൽ അരങ്ങിൽ മാറിമാറി വരുന്ന പശ്ചാത്തലത്തിൽ രംഗങ്ങൾ ഏറെ മിഴിവോടെ സജമാക്കിയിരിക്കുന്നു.
സാധാരണക്കാരുടെ സാമ്പത്തികശാസ്ത്രത്തിൽ പണം ആവശ്യമോ അത്യാഗ്രഹമോ ആയിത്തീരുമ്പോൾ മനുഷ്യൻ ഏതറ്റം വരെ പോകുമെന്ന വാസ്തവം പ്രമേയമാക്കി നാടകത്തിലൂടെ പ്രതിപാദിക്കുകയാണ് രചയിതാവ്.
മനുഷ്യന്റെ നീതിബോധവും സഹാനുഭൂതിയും പണത്തിനു മുമ്പിൽ കീഴടങ്ങുമോ എന്ന ചോദ്യം കാണികളിൽ ഏറെ ആകാംക്ഷ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്.
1982ൽ കൊളോണിൽ രൂപീകരിച്ചു പ്രവർത്തിച്ചുവരുന്ന ദർശന തിയറ്റഴ്സിന്റെ നാടകത്തിൽ കലാമൂല്യത്തിനും അവതരണമികവിനും വിട്ടുവീഴ്ചയില്ലാത്ത പ്രാധാന്യം കൊടുക്കുന്ന രണ്ടു നക്ഷത്രങ്ങൾ നാടകം ആസ്വദിക്കുന്നതിനായി എല്ലാവരെയും ക്ഷണിക്കുന്നതായി ദർശന ഭാരവാഹികൾ അറിയിച്ചു.