എക്സിറ്റർ മലയാളികളുടെ സ്വന്തം രവിയേട്ടൻ നാട്ടിലേക്ക് മടങ്ങുന്നു
വിൽസൺ പുന്നോലി
Tuesday, September 23, 2025 10:43 AM IST
എക്സിറ്റർ: 17 വർഷമായി യുകെയിലെ എക്സിറ്ററിൽ പ്രവാസ ജീവിതം നയിച്ച മലയാളി സമൂഹത്തിന്റെ സ്വന്തം രവി(രവിയേട്ടൻ) നാട്ടിലേക്ക് മടങ്ങുന്നു. എക്സിറ്ററിലെ മലയാളികളുടെ സൗഹൃദ വലയത്തിലെ പ്രധാനിയായിരുന്നു അദ്ദേഹം.
രവിയുടെ വീട് എക്സിറ്ററിലെ മലയാളി സൗഹൃദ കൂട്ടായ്മകൾക്ക് എന്നും ഒരു താവളമായിരുന്നു. വാക്കിലും പ്രവർത്തിയിലും സത്യസന്ധതയും ആത്മാർഥതയും പുലർത്തിയ രവി, സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അസോസിയേഷൻ തെരഞ്ഞെടുപ്പുകൾ എത്തുമ്പോൾ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്ന പേരായിരുന്നെങ്കിലും ആ പദവി സ്നേഹപൂർവം നിരസിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഭാര്യ ശ്യാമളയുടെ ചികിത്സാർഥമാണ് കുടുംബം നാട്ടിലേക്ക് മടങ്ങുന്നത്. ഔദ്യോഗിക രംഗത്തും ജീവിതത്തിലും സത്യസന്ധതയും അർപ്പണബോധവും കാണിച്ചിരുന്ന ശ്യാമള വേഗം പൂർണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന് എക്സിറ്ററിലെ മലയാളികൾ ആശംസിച്ചു.
വിവാഹജീവിതത്തിലേക്ക് കടക്കുന്ന മകൾ ലച്ചുവിനു ആശംസകൾ നേരുന്നതിനോടൊപ്പം നാട്ടിൽ സന്തോഷകരമായ ജീവിതം ലഭിക്കട്ടെ എന്നും അവർ കൂട്ടിച്ചേർത്തു.

1990ൽ സുഹൃത്തുക്കളെ യാത്രയയ്ക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയി അവരോടൊപ്പം തന്നെ മുംബെെയിലും അവിടെ നിന്നും ഗൾഫിലും എത്തി പ്രവാസ ജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ മടക്കം പ്രകൃതി ഭംഗിക്കും കലയ്ക്കും പേരുകേട്ട പാലക്കാടൻ ഗ്രാമമായ കാവശേരിയിലേക്കാണ്.