വികസന സദസ്: ജില്ലാതല ഉദ്ഘാടനം നാളെ അഴീക്കോട് പഞ്ചായത്തില്‍
1594733
Friday, September 26, 2025 1:06 AM IST
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വികസന സദസിന്റെ ജില്ലാതല ഉദ്ഘാടനം നാളെ അഴീക്കോട് പഞ്ചായത്തില്‍ നടക്കുമെന്ന് കെ.വി.സുമേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും.
പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളുമായി ആശയ സംവേദനം നടത്തി വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കലാണ് വികസന സദസിന്റെ ഉദ്ദേശമെന്ന് കെ.വി. സുമേഷ് എംഎല്‍എ പറഞ്ഞു. സ്ത്രീകള്‍, യുവാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെയാണ് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധികള്‍ക്ക് പുറമെ വിശിഷ്ട വ്യക്തികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ എന്നിവരും പങ്കാളികളാകും. ജില്ലയിലെ മറ്റു ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വികസന സദസുകള്‍ ഒക്ടോബര്‍ 20ന് മുമ്പായി നടക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഷാജി എന്നിവര്‍ പങ്കെടുത്തു.