കശുമാവ് പുതുകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
1594727
Friday, September 26, 2025 1:06 AM IST
കണ്ണൂർ: കശുമാവ് പുതുകൃഷി പദ്ധതി പ്രകാരം കർഷകർക്ക് ഗുണമേന്മയുള്ള ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ ലഭ്യമാക്കുന്നതും തുടർന്ന് ധനസഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്നതുമായ പദ്ധതി ചെറുപുഴ , കോളയാട് പഞ്ചായത്തുകളിൽ കാഷ്യു ആൻഡ് കൊക്കോ ഡയറക്ടറേറ്റ് നടപ്പിലാക്കുന്നു.
തൈകൾ ആവശ്യമുള്ള കർഷകർ പഞ്ചായത്ത് ഓഫീസിലോ പഞ്ചായത്ത് മെംബർമാരുടെ പക്കലോ കൃഷി ഓഫീസിലോ അപേക്ഷ നൽകേണ്ടതാണെന്ന് കാഷ്യൂസെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല അറിയിച്ചു.
അരയേക്കർ മുതൽ 10 ഏക്കർവരെ ഭൂമിയുള്ള കർഷകർക്ക് ഈ പദ്ധതിയിൽ പങ്കുചേരാവുന്നതാണ്. പദ്ധതി പ്രകാരം ഹെക്ടറിന് 30000 രൂപ രണ്ടുവർഷമായി ധനസഹായം നൽകുന്നതാണ്. ആദ്യവർഷം 60 ശതമാനവും രണ്ടാം വർഷം 40 ശതമാനവും ആണ് കർഷകർക്ക് നൽകുന്നത്. ആദ്യ വർഷത്തെ ധനസഹായത്തിൽ നിന്ന് തൈ വില കുറയ്ക്കുന്നതാണ്. തൈകൾ ആവശ്യമുള്ള കർഷകർ നിർദ്ദിഷ്ഠ അപേക്ഷാ ഫോമിൽ ഫോട്ടോ പതിച്ച് അപേക്ഷ ഫോമിനോടൊപ്പം കരമടച്ച രസീതിന്റെ കോപ്പി, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്. ഈ പദ്ധതി പ്രകാരം കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റ് വിതരണം ചെയ്യുന്ന കശുമാവിൻ തൈകൾ നടുന്ന കർഷകർക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളൂ. മറ്റ് നഴ്സറികളിൽ നിന്നോ സ്വന്തമായി ഉത്പാദിപ്പിച്ച ഗ്രാഫ്റ്റ് തൈകളോ നടുന്ന കർഷകർക്ക് ഈ പദ്ധതിയിൽ ഉൾപ്പെടാൻ സാധിക്കുന്നതല്ല.