ഇരിട്ടി മുനിസിപ്പാലിറ്റി ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം നിഷേധിക്കുന്നു: യുഡിഎഫ്
1594493
Thursday, September 25, 2025 1:04 AM IST
ഇരിട്ടി: നഗരസഭയിലെ ഡയാലിസിസ് രോഗികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ചികിത്സാസഹായം ഇരിട്ടി നഗരസഭാ മൂന്ന് വർഷമായി നിഷേധിക്കുകയാണെന്ന് യുഡിഎഫ് മുൻസിപ്പൽ കൗൺസിലർമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരസഭയിൽ 35 ഡയാലിസിസ് രോഗികളുണ്ട്. ഇതിൽ 25 രോഗികളും സ്വകാര്യാശുപത്രികളെയാണ് ആശ്രയിക്കുന്നത്. 2023-2024, 2024- 2025 വർഷത്തിൽ അനുവദിച്ച 12 ലക്ഷത്തോളം രൂപ ലാപ്സായി.
ഇംപ്ലിമെന്റ് ഓഫീസറായ താലൂക്കാശുപത്രി സുപ്രണ്ട് ഒപ്പിടാത്തതാണ് ഫണ്ട് ലാപ്സാകാൻ ഇടയാക്കിയത്. മുനിസിപ്പൽ ഭരണ സമിതിക്ക് ഇഛാശക്തി ഇല്ലാത്തത് കൊണ്ടാണ് പ്രശ്നത്തിൽ ഇടപെട്ട് ഫണ്ട് അനുവദിക്കാൻ കഴിയാത്തതെന്ന് യുഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.
ഡയാലിസിസ് രോഗികൾക്ക് രക്തപരിശോധനക്കുള്ള സൗകര്യം പോലും താലൂക്കാശുപത്രിയിൽ ഇല്ല. വെള്ളം ലഭ്യതയില്ലാത്തതിനാൽ ഡയാലിസിസ് നിർത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം നഗര ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണെന്ന് കൗൺസിലർമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.കെ. ബൽകീസ്, വി. ശശി, വി.പി. അബ്ദുൾ റഷീദ്, സമീർ പുന്നാട്, പി. ബഷീർ, കോമ്പിൽ അബ്ദുൾ ഖാദർ, എൻ.കെ. ഇന്ദു മതി, നജ്മുന്നിസ , സാജിത ചുര്യേട്ട് എന്നിവർ പങ്കെടുത്തു.