തൂങ്ങിമരിച്ച യുവതിക്ക് ഭർതൃപീഡനം ഏറ്റതായി പോലീസ്
1594732
Friday, September 26, 2025 1:06 AM IST
കണ്ണൂർ: സ്വകാര്യാശുപത്രിയിലെ നഴ്സിനെ അഞ്ചരക്കണ്ടി വെൺമണലിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്ക് ഭർത്താവിൽ നിന്ന് പീഡനം ഏറ്റതായി കണ്ടെത്തിയിട്ടുണ്ടെന്ന് പിണറായി എസ്എച്ച്ഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മകളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അമ്മ ഓമന അയ്യത്താൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നല്കിയിരുന്നു.
കേസിന്റെ അന്വേഷണം തലശേരി എഎസ്പി. കെ.എസ്. ഷഹൻഷ ഏറ്റെടുത്തിട്ടുണ്ടെന്നും യുവതിയുടെ ഭർത്താവിനെ കോടതി റിമാൻഡിൽ പാർപ്പിച്ച ശേഷം ജാമ്യം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കേസ് അന്വേഷണ അവസ്ഥയിലാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടാനാവില്ലെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.