സ്വതന്ത്ര സോഫ്റ്റ്വേർ ശില്പശാല
1594505
Thursday, September 25, 2025 1:04 AM IST
പയ്യാവൂർ: മടമ്പം മേരിലാൻഡ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്വേർ ദിനാചരണവും സാങ്കേതിക വിദ്യാശില്പശാലയും ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ നടന്നു. എസ്ഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ.റീന സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മേരിലാൻഡ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ ആമുഖ പ്രഭാഷണവും ഇക്കണോമിക്സ് വകുപ്പ് തലവൻ ഡോ. കെ.വി. പ്രദീപ് മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് വിവിധ സ്വതന്ത്ര സോഫ്റ്റ്വേറുകൾ പരിചയപ്പെടുത്തുന്ന ശില്പശാല നടന്നു. സ്ക്രൈബസ്, ഓപ്പൺ ടൂൺസ്, സ്ക്രാച്ച് ത്രീ, പിക്റ്റോബ്ലോക്സ് തുടങ്ങിയ സ്വതന്ത്ര സങ്കേതങ്ങൾ പരിചയപ്പെടുത്തിയ സെഷനുകളും ഉണ്ടായിരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുഗ്രഹ ബിജു, ലിയ റോയ്, എം.വി. അക്ഷര, ആയിഷ മുഹമ്മദ് കുഞ്ഞി, ഫാത്തിമത്ത് സജ, റിദ ഫാത്തിമ, അകിൻ ജോമി, സി.വി.അഭിനവ് എന്നിവർ സെഷനുകൾ നയിച്ചു. കൈറ്റ് അധ്യാപിക സിസ്റ്റർ ഷീന, ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. സുനിത ജോസഫ് എന്നിവർ പ്രസംഗിച്ചു. പി.വി. അനന്യ, ഫാത്തിമത്ത് സന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബിരുദ വിദ്യാർഥികൾക്ക് പത്താം ക്ലാസ് വിദ്യാർഥികൾ പുത്തൻ അറിവുകൾ പകർന്നുനൽകിയ ശില്പശാല വൈവിധ്യമേറിയതും ശ്രദ്ധേയവുമായിരുന്നു.