മലയോരത്ത് കാട്ടുപന്നികളെ തുരത്താൻ റെഡിയായി കർഷക സഹായസേന
1594421
Wednesday, September 24, 2025 8:16 AM IST
ആലക്കോട്: ഏതു പ്രദേശത്തായാലും കാട്ടുപന്നിയെ തുരത്താൻ കർഷക സഹായസേന റെഡിയാണ്. കാട്ടുപന്നിശല്യം മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് സഹായമായാണ് കർഷക സഹായസേന രംഗത്തുള്ളത്. ഉദയഗിരി പഞ്ചായത്തിലെ മണക്കടവ് മേപ്രക്കാവിൽ ടി.ഡി. തോമസാണ് കർഷക സഹായ സേനയെ നയിക്കുന്നത്. തോക്ക് ലൈസൻസുള്ള 11 പേർ അടങ്ങുന്ന ഒരു കൂട്ടം കർഷകരുടെ നേതൃത്വത്തിലാണ് സഹായ സേന പ്രവർത്തിക്കുന്നത്.
കാട്ടുപന്നി ശല്യം മൂലം കൃഷി നശിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളിലെത്തി വേട്ടനായ്ക്കളുടെ സഹായത്തോടെ തെരച്ചിൽ നടത്തി, ഒച്ചവച്ച് പന്നികളെ പുറത്തുചാടിച്ച് വെടിവച്ചു കൊല്ലുന്നതാണ് കർഷക സഹായ സേനയുടെ പ്രവർത്തനം. പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ അവരുടെ സാന്നിധ്യത്തിൽ പന്നികളുടെ ജഡം സംസ്ക്കരിക്കുന്നതടക്കമുള്ള നടപടികളും അവർ നടത്തുന്നുണ്ട്. ആലക്കോട്, ഉദയഗിരി, നടുവിൽ, എരുവേശി പഞ്ചായത്തുകളിലെ വിവിധ പ്രദേശത്തു നിന്നുള്ളവർ ഈ സേനയിൽ ഉണ്ട്.
കാട്ടുപന്നി ശല്യം കൊണ്ട് കൃഷി നശിച്ചതിനെത്തുടർന്ന് സ്വയം പ്രതിരോധിക്കാനാണ് ആദ്യം ഇവർ രംഗത്തിറങ്ങിയത്. പിന്നീട് മറ്റുള്ള കർഷകരെ സഹായിക്കുകയായിരുന്നു. കാട്ടുപന്നി ശല്യത്താൽ ദുരിതം നേരിടുന്ന കർഷകരും പഞ്ചായത്ത് അധികൃതരും വിളിച്ചാൽ അവിടെയെത്തി സഹായം നൽകാൻ സദാ സന്നദ്ധമാണ് സേന. കണ്ണൂർ ജില്ലയിലെ 10 പഞ്ചായത്തുകളിലാണ് നിലവിൽ ഇവരുടെ പ്രവർത്തനം. മറ്റു പഞ്ചായത്തുകളും ആവശ്യപ്പെട്ടാൽ സഹായിക്കാൻ ഇവർ തയാറാണ്.
കൃഷിയിടങ്ങളിൽ കർഷകരുടെ കണ്ണീർ വീഴ്ത്തുന്ന കാട്ടുപന്നികളെ തുരത്താൻ പ്രാദേശികമായുള്ള ആളുകളുടെ സഹായങ്ങളും സേനക്ക് ലഭിക്കുന്നുണ്ട്.കാട്ടുപന്നി ശല്യം ഗണ്യമായി കുറയ്ക്കാൻ ഇവരുടെ സേവനം വഴിയൊരുക്കുന്നുണ്ട്. കർഷകർ പരാതിയുമായി പഞ്ചായത്തിനെ സമീപിക്കുമ്പോൾ തന്നെ പഞ്ചായത്ത് നിർദേശം ഇവർക്ക് ലഭിക്കും.