കേരള സ്കൂൾ ഗെയിംസ് വോളി : ആൺകുട്ടികളിൽ തൃശൂർ
1594736
Friday, September 26, 2025 1:06 AM IST
കണ്ണൂർ: അറുപത്തിയേഴാമത് കേരള സ്കൂള്‍ ഗെയിംസ് അണ്ടര്‍- 19 ആൺകുട്ടികളുടെ വോളിബോളിൽ തൃശൂർ ജില്ല ജേതാക്കളായി. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തിരുവനന്തപുരത്തെയാണ് തോൽപ്പിച്ചത്. കോട്ടയം മൂന്നാം സ്ഥാനം നേടി. ടൂര്‍ണമെന്റ് 27 ന് സമാപിക്കും.
ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വിജയത്തിലേക്കുള്ള ഊര്‍ജമാണ് തോല്‍വികളെന്നും കായിക രംഗത്ത് പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം മത്സരങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മണിലാല്‍ അധ്യക്ഷത വഹിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, ജില്ലാ പഞ്ചായത്തംഗം ഇ. വിജയന്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡി. ഷൈനി, ടൂര്‍ണമെന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജി, അന്താരാഷ്ട്ര റഫറി ടി.വി. അരുണാചലം, ദ്രോണാചാര്യ ജേതാവ് ഡി. ചന്ദ്രലാൽ എന്നിവര്‍ പങ്കെടുത്തു.
ഇന്നു നടക്കുന്ന അണ്ടർ- 19 സീനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ഫൈനലിൽ കണ്ണൂർ മലപ്പുറവുമായി ഏറ്റുമുട്ടും. തലശേരി സായി സെന്ററിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ ഇന്ന് സമാപിക്കും.
ഇന്നത്തെ മത്സരങ്ങൾ:
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ട്: അണ്ടർ- 19 സീനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ഫൈനൽ.
കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സ്: അണ്ടർ- 19 റസ്ലിംഗ് മത്സരങ്ങൾ (ബോയ്സ് & ഗേൾസ്)
ഗവ. ടിടിഐ മെൻ: അണ്ടർ- 19 ടെന്നിക്വയ്റ്റ് മത്സരങ്ങൾ (ബോയ്സ് & ഗേൾസ്)
തലശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയം: അണ്ടർ- 19 സീനിയർ വോളിബോൾ (ഗേൾസ്)
തലശേരി സായി സെന്റർ: ജിംനാസ്റ്റിക്സ് മത്സരങ്ങൾ (സബ്ജൂണിയർ, ജൂണിയർ, സീനിയർ- ബോയ്സ് & ഗേൾസ്)