തയ്ക്വാണ്ടോയിൽ മുന്നേറി കാസർഗോഡ്
1594431
Wednesday, September 24, 2025 8:16 AM IST
കണ്ണൂർ: കേരള സ്കൂൾ ഗെയിംസ് ഗ്രൂപ്പ് വൺ മത്സരങ്ങൾ കണ്ണൂരിൽ പുരോഗമിക്കുന്നു. തയ്ക്വാണ്ടോ മത്സരങ്ങളിൽ അണ്ടർ 19 സീനിയർ, അണ്ടർ 14 സബ്ജൂണിയർ ആൺകുട്ടികളുടെയും പെൺകുട്ടി കളുടെയും മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 സ്വർണവും ഒന്പതു വെള്ളിയും ഏഴു വെങ്കലവും നേടി 99 പോയിന്റുമായാണ് കാസർഗോഡിന്റെ ശക്തമായ മുന്നേറ്റം.
ആറു സ്വർണവും അഞ്ചു വെള്ളിയും 11 വെങ്കലവും നേടി 56 പോയിന്റുള്ള കണ്ണൂർ രണ്ടും അഞ്ചു സ്വർണവും നാലു വെള്ളിയും പത്തു വെങ്കലവും നേടി 47 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. ആകെയുള്ള 67 ഇനങ്ങളിൽ 41 ഇനങ്ങളാണ് കണ്ണൂരിൽ പൂർത്തിയായത്. അണ്ടർ 17 മത്സരങ്ങൾ സ്കൂൾ ഒളിമ്പിക്സിന്റെ കൂടെ തിരുവനന്തപുരത്ത് നടക്കും.
ഫുട്ബോൾ മത്സരങ്ങളിൽ അണ്ടർ 19 ബോയ്സ് വിഭാഗത്തിന്റെ ഫൈനൽ മത്സരം ഇന്നു രാവിലെ ഏഴിന് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. മലപ്പുറവും കോഴിക്കോടുമാണ് ഫൈനലിൽ മത്സരിക്കുന്നത്. തുടർന്ന് അണ്ടർ 19 ഗേൾസ് ഫുട്ബോൾ മത്സരങ്ങളും നടക്കും.
ഇന്നത്തെ മറ്റു മത്സരയിനങ്ങൾ: അണ്ടർ17 ജൂണിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോക്സിംഗ് മത്സരങ്ങൾ ജിവി എച്ച്എസ്എസ് സ്പോർട്സ് കണ്ണൂരിൽ നടത്തപ്പെടും. അണ്ടർ 19 സീനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരങ്ങൾ തലശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.