കണ്ണൂര്‍ ദസറയ്ക്ക് ഇന്നു തിരിതെളിയും
1593884
Tuesday, September 23, 2025 1:26 AM IST
കണ്ണൂർ: നിറങ്ങളുടെയും കാഴ്ചകളുടെയും വിരുന്നൊരുക്കി കണ്ണൂര്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതൽ ഒക്ടോബര്‍ ഒന്നുവരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷമായ കണ്ണൂര്‍ ദസറയ്ക്ക് ഇന്നു വൈകുന്നേരം അഞ്ചിന് തിരി തെളിയും. കെ സുധാകരന് എംപി ഉദ്ഘാടനം നിർവഹിക്കും. അഭിനേതാവ് ഉണ്ണിരാജ് ചെറുവത്തൂര്‍ വിശിഷ്ടാതിഥിയാകും.
തുടര്‍ന്ന് അങ്കണവാടി ജീവനക്കാര്‍ അവതരിപ്പിക്കുന്ന മെഗാ ഒപ്പന നടക്കും. എല്ലാ ദിവസവും സാംസ്കാരിക സമ്മേളനം, പ്രാദേശിക കലാപരിപാടികള്‍, മെഗാ ഇവന്റുകള്‍ എന്നിവയുണ്ടാകും.
സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, എംപി മാരായ കെ. സുധാകരന്, കെ.സി. വേണുഗോപാൽ, ഹാരിസ് ബീരാന്, ഡോ.വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍, എംഎല് എമാരായ സണ്ണി ജോസഫ്, കെ.വി. സുമേഷ്, സജീവ് ജോസഫ്, നജീബ് കാന്തപുരം, സി.വി. ബാലകൃഷ്ണന് , താഹ മാടായി, റഫീഖ് അഹമ്മദ്, വിനോയ് തോമസ്, സുധ മേനോന്, റാം മോഹന്‍ പാലിയത്ത്, സുര്‍ജിത്ത് പുരോഹിത്, മാതു സജി എന്നിവരും പങ്കെടുക്കും.
ആല്‍മരം മ്യുസിക് ബാൻഡ്, ചെമ്മീന്‍ ബാൻഡ് വിത്ത് സീനിയേഴ്സ്, രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന ഫോക് മെഗാഷോ, ഫെജോ ആൻഡ് എഡിജെ ലൈവ് റാപ്പ് ഷോ, കൊല്ലം ഷാഫിയും രഹ്നയും നയിക്കുന്ന ഇശല്‍ രാവ്, സോംഗ്സ് ഓഫ് സോള്‍ ആന്‍ഡ് സോയില്‍ ബിന്‍സിയും ഇമായും നയിക്കുന്ന സൂഫി സംഗീതസന്ധ്യ, അജയ്ഗോപാല്‍ അവതരിപ്പിക്കുന്ന ഗാനമേള, പ്രശസ്ത സിനിമാതാരം ആശ ശരത്ത് നയിക്കുന്ന ആശാ നടനം , അവിയല്‍ ബാൻഡ് മെഗാ ഷോ എന്നിവയും ഉണ്ടാകും.
കോര്പറേഷന് പരിധിയിലെ വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ദീപലങ്കാരങ്ങൾ ഒരുക്കും. മികച്ച ദീപാലങ്കാരങ്ങള്‍ക്ക് സോണല്‍ അടിസ്ഥാനത്തിലും കോര്പ്പറേഷന് അടിസ്ഥാനത്തിലും സമ്മാനങ്ങള്‍ നല്‍കും.
ഇത്തവണ ദസറയോടൊപ്പം ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. കോര്പറേഷന് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ നല്‍കുന്നതാണ് പദ്ധതി. ഷോപ്പിംഗ് ഫെസ്റ്റിവലിന് എല്ലാ വ്യാപാരികളുടെയും സംഘടനകളുടെയും പരിപൂര്‍ണ പിന്തുണയുണ്ട്.
സൗജന്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ ബംബര്‍ സമ്മാനമായി ബൊലേനൊ കാര്‍, രണ്ടാം സമ്മാനമായി അഞ്ചു പേര്‍ക്ക് ജൂപ്പിറ്റര്‍ സ്കൂട്ടര്‍, മൂന്നാം സമ്മാനമായി 50 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്നിവ നല്‍കും. കൂടാതെ 500 പേര്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും പ്രോത്സാഹന സമ്മാനമായി നൽകും. വ്യാപാരികള്‍ക്ക് നല്‍കിയിട്ടുള്ള ബുക്ക് നമ്പറുകളിൽ പ്രത്യേക നറുക്കെടുപ്പും സമ്മാനങ്ങളും നൽകും. 25 ന് ആരംഭിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 10 ന് അവസാനിക്കും. നറുക്കെടുപ്പ് ഒക്ടോബര്‍ 15 ന് നടക്കും. വിപുലമായ കലാ സാംസ്കാരിക സംഗീത പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ മേയർ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാരായ , പി. ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്, എന്‍. ഉഷ, ദസറ അസിസ്റ്റന്റ് കോ -ഓര്‍ഡിനേറ്റര്‍ കെ. സി. രാജന്, മീഡിയ കമ്മിറ്റി ചെയര്മാന് സി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.