ചന്ദനക്കാംപാറയിൽ ‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’
1594503
Thursday, September 25, 2025 1:04 AM IST
പയ്യാവൂർ: സമൂഹത്തിൽ പരസ്പര ബന്ധങ്ങളും ആശയ വിനിമയങ്ങളും കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വയോജനങ്ങൾക്കായി 'സൊറ പറഞ്ഞിരിക്കാൻ ഒരിടം' എന്ന ആശയം ചന്ദനക്കാംപാറ മാന്തോടിനു സമീപം യാഥാർഥ്യമായി. റിട്ട. കണ്ണൂർ ജില്ലാ ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ. അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ഇങ്ങിനെ ഒരിടം സജ്ജമാക്കിയിട്ടുള്ളത്. 60 വയസായ ആർക്കും ഇവിടെ പ്രവേശനം സൗജന്യമാണ്. പേര് രജിസ്റ്റർ ചെയ്യണമെന്നു മാത്രം.
ദിവസവും രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകുന്നേരം ഏഴ് മുതൽ എട്ട് വരെയുമാണ് ഇവിടെ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നത്. ടിവി കാണാനും പത്രമാസികകൾ വായിക്കാനും സൗകര്യമുണ്ട്. ലഘു വ്യായാമമുറകൾ പരിശീലിപ്പിക്കുന്നതിനൊപ്പം മാസം തോറും മെഡിക്കൽ ചെക്കപ്പും മാനസിക സംഘർഷം ലഘൂകരിക്കുന്ന ബോധവത്കരണ ക്ലാസുകളുമുണ്ട്.
കായിക വിനോദങ്ങൾ, കലാസന്ധ്യകൾ, അഗതിമന്ദിര സന്ദർശനം, ടൂർ പാക്കേജുകൾ എന്നിവ കൂടാതെ അംഗങ്ങളുടെ ജന്മദിന, വിവാഹ വാർഷിക ആഘോഷങ്ങളും നടത്തും.
ആശുപത്രികളിൽ പോകേണ്ടവർക്ക് സൗജന്യ വാഹനസൗകര്യവും ലഭ്യമാണെന്ന പ്രത്യേകതയുമുണ്ട്. ഇന്നത്തെ ആധുനിക ജീവിത സാഹചര്യങ്ങളിൽ ഏറെ പുതുമയുണർത്തുന്ന ഈ സംരംഭം വയോജന ദിനത്തിൽ ചിത്രകാരി ജിഷ മഠത്തിൽ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഇ.ജെ. അഗസ്റ്റിൻ സംരംഭം സംബന്ധിച്ച വിശദീകരണം നല്കും. വെമ്പുവ തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ. സജി മുഖ്യാതിഥിയായിരിക്കും.