സ്വകാര്യബസുകൾ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്കിന്
1593898
Tuesday, September 23, 2025 1:26 AM IST
കണ്ണൂർ: നടാൽ ഒകെ യുപി സ്കൂളിനു സമീപം അണ്ടർപാസ് നിർമിച്ച് ഗതാഗത പ്രശ്നം പരിഹരിക്കുമെന്ന നിർദേശം അവഗണിക്കുന്ന എൻഎച്ച് അധികൃതരുടെ നിലപാടിനെതിരേ വീണ്ടും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് മ്യുച്വൽ ബെനിഫിറ്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.
പ്രശ്നം പരിഹരിക്കണമെന്ന് നിരവധി തവണ രേഖാമൂലവും നേരിട്ടും മറ്റു സമരപരിപാടികളുമായും മുന്നോട്ടുപോയപ്പോഴൊക്കെ അണ്ടർ പാസ് നിർമിക്കാമെന്നു പറഞ്ഞ ദേശീയപാത വിഭാഗം അധികൃതർ അതിൽനിന്നും വ്യതിചലിക്കുന്ന സമീപനത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ജില്ലയിലെ മുഴുവൻ റോഡുകളും എൻഎച്ച് 66 ലെ സർവീസ് റോഡുകളും പൊട്ടിപ്പൊളിഞ്ഞ് താറുമാറായിരിക്കുകയാണ്. റോഡിൽ ഗതാഗതക്കുരുക്ക് കാരണം സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്.
ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കേണ്ടിവരും. ഇ-ചെല്ലാന്റെ പേരിൽ ഫോട്ടോയെടുത്ത് പീഡിപ്പിക്കുന്ന പോലീസ് നടപടിയിലും യോഗം ശക്തമായി പ്രതിഷേധിച്ചു. മ്യൂച്വൽ ബെനിഫിറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. രാജ്കുമാർ കരുവാരത്ത്, കെ.പി. മുരളീധരൻ, പി. രാജൻ, കെ.പി. മോഹനൻ, രാജേഷൻ, വിജയ മോഹനൻ, പി.വി. ദിവാകരൻ, എൻ. പദ്മനാഭൻ, എം. സജീവൻ എന്നിവർ പ്രസംഗിച്ചു.