മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ പ്രഫ. സാബു അബ്ദുൾ ഹമീദും ഡോ. കെ.പി. സന്തോഷും
1594739
Friday, September 26, 2025 1:06 AM IST
കണ്ണൂർ: പ്രമുഖ അക്കാദമിഷ്യനും ഗവേഷകനുമാണ് പ്രഫ. സാബു അബ്ദുൾഹമീദ്. ഇപ്പോൾ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മെംബർ സെക്രട്ടറിയും കണ്ണൂർ സർവകലാശാലയിലെ ബയോടെക്നോളജി-മൈക്രോബയോളജി വിഭാഗത്തിലെ പ്രഫസറുമാണ്. 2020–2023 കാലഘട്ടത്തിൽ കണ്ണൂർ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചിരുന്നു.
25 വർഷത്തിലധികം നീണ്ട ഗവേഷണജീവിതത്തിൽ, ബയോടെക്നോളജി, മൈക്രോബിയൽ എൻസൈംസ്, ബയോപ്രോസസ് ടെക്നോളജി എന്നീ മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നല്കിയിട്ടുണ്ട്. നൂറിലധികം പിയർ റിവ്യൂഡ് പ്രസിദ്ധീകരണങ്ങളും, ആറു പുസ്തകങ്ങളും, 30 GenBank സമർപ്പണങ്ങളും ഉൾപ്പെടെ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് 4200-ത്തിലധികം ഉദ്ധരണികളും, h-index 27 ഉം, i10-index 66 ഉം ലഭിച്ചിട്ടുണ്ട്. എൻസൈം ടെക്നോളജി, ബയോപ്രോസസ് വികസനം തുടങ്ങിയ മേഖലകളിൽ നാല് പേറ്റന്റുകളും അദ്ദേഹത്തിനുണ്ട്.
ഏഴ് പിഎച്ച്ഡി ഗവേഷകരെ മാർഗനിർദേശം ചെയ്തിട്ടുള്ളതോടൊപ്പം നിരവധി പിജി ഗവേഷണ പ്രബന്ധങ്ങൾക്കും മേൽനോട്ടം വഹിച്ചിട്ടുണ്ട്. DST, DBT, MoES, CONACYT (മെക്സിക്കോ) തുടങ്ങിയ ദേശീയ-അന്തർദേശീയ ഏജൻസികളുടെ പിന്തുണയോടെ വിവിധ ഗവേഷണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി.മാലവ്യ മെമ്മോറിയൽ അവാർഡ് (2017), കേരള അക്കാദമി ഓഫ് സയൻസസ് ഫെലോഷിപ്പ് (2018), നാഷണൽ അക്കാദമി ഓഫ് ബയോളജിക്കൽ സയൻസസ് ഫെലോഷിപ്പ് (2024) എന്നിവ ലഭിച്ചിട്ടുണ്ട്.
ലോകശ്രദ്ധ നേടിയ ഈ അംഗീകാരം കണ്ണൂർ സർവകലാശാലയ്ക്കും കേരളത്തിനും അഭിമാനകര മായ നേട്ടമാണ്. യുവ ഗവേഷകർക്ക് പ്രചോദനമായിത്തീരുന്ന അദ്ദേഹത്തിന്റെന്റെ നേട്ടങ്ങൾ, ഭാരതത്തിന്റെ ശാസ്ത്രീയ സമൂഹത്തിന് വലിയ സംഭാവനയായി മാറുന്നു.
കണ്ണൂർ: സർവകലാശാല ഫിസിക്സ് വിഭാഗം മുൻ പ്രഫസറും വകുപ്പ് തലവനുമായ ഡോ. കെ.പി. സന്തോഷ് നാലാം തവണയാണ് പട്ടികയിൽ ഇടം നേടിയത്. കാലിക്കട്ട് സർവകലാശാല ഫിസിക്സ് വിഭാഗം എമരിറ്റസ് പ്രഫസറാണ്. ബേപ്പൂർ നടുവട്ടം സ്വദേശിയാണ്. അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ ഡോ. കെ.പി. സന്തോഷ് വിവിധ അന്തർദേശീയ ജേർണലുകളിൽ 150 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും വിവിധ ദേശീയ അന്തർ ദേശീയ സെമിനാറുകളിൽ 100 ലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ആണവ ശാസ്ത്ര മേഖലയിലെ വിവിധ പ്രതിഭാസങ്ങളുടെ പഠനത്തിനായി 10 ന്യുക്ലിയർ മോഡലുകൾ ആവിഷ്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ -മുംബൈ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് -ഭുവനേശ്വർ, പഞ്ചാബ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടന്ന അന്തർ ദേശീയ കോൺഫറൻസുകളിൽ ക്ഷണിക്കപ്പെട്ട പ്രഭാഷകനായിരുന്നു. ഇദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ13 വിദ്യാർഥികൾ പിഎച്ച്ഡി ഗവേഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.യുജിസിയുടെയും സിഎസ്ഐആറിന്റേയും ധന സഹായത്തോടെ നാല് ഗവേഷണ പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിനു കനേഡിയൻ ജേർണൽ ഓഫ് ഫിസിക്സ് 2019 ലും , ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫിസിക്സ് പബ്ലിഷിംഗ്, ബ്രിട്ടൻ 2020 ,2021 വർഷങ്ങളിലും മികച്ച റെവ്യൂവർക്കുള്ള അവാർഡ് നല്കി. ജർമനിയിലെ യൂറോപ്യൻ ഇവാലുവേഷൻ സെന്റർ 2025ൽ തയാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.