ജനജാഗ്രത സമിതി യോഗം ചേർന്നു
1594730
Friday, September 26, 2025 1:06 AM IST
ഇരിട്ടി: വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിൽ നടന്ന ജനജാഗ്രത സമിതി യോഗത്തിൽ പഞ്ചായത്ത്തല പ്ലാൻ അവതരണവും നടന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത നിർവഹിച്ചു. കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ് പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് അംഗങ്ങൾ, വനസംരക്ഷണ സമിതി പ്രസിഡന്റുമാർ, അയ്യൻകുന്ന് പഞ്ചായത്തിൽ എംപാനൽ ചെയ്ത ഷൂട്ടർമാർ, പ്രാഥമിക സന്നദ്ധ പ്രതികരണ സേനാംഗങ്ങൾ, മറ്റു ജനജാഗ്രത സമിതി അംഗങ്ങൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇന്നലെ വരെ ലഭിച്ച 20 പരാതികളിൽ 19 പരാതിയും കൃഷിനാശവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിൽ രണ്ടു പരാതികൾക്ക് പരിഹാരം കാണുകയും ബാക്കി പരാതികളിന്മേൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും അധികൃതർ അറിയിച്ചു. പഞ്ചായത്ത് ഓഫീസുകളിലും ബന്ധപ്പെട്ട റേഞ്ച് ഓഫീസുകളിലുമായി വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്കുകളിൽ 30 വരെ വനം വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളും പരാതികളും നിർദേശങ്ങളും സമർപ്പിക്കാവുന്നതാണ്.
കേളകം: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ആദ്യഘട്ടമായ അവലോകന യോഗവും, പഞ്ചായത്ത് തല ലാൻഡ്സ്കേപ്പ് പ്ലാനും കേളകം ഗ്രാമപഞ്ചാ യത്ത് ഹാളിൽ നടന്ന ജന ജാഗ്രത സമിതി യോഗത്തിൽ അവതരിപ്പിച്ചു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ പഞ്ചായത്ത് മെംബർമാർ, വനസംരക്ഷണ സമിതി പ്രസിഡന്റുമാർ, കാർഷിക പ്രതിനിധി, പ്രാഥമിക സന്നദ്ധ പ്രതികരണ സേന അംഗം, വിവിധ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ, വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രത യജ്ഞ പരിപാടിയിൽ ഇതുവരെ ലഭിച്ച 30 പരാതികളിൽ, മൂന്നെണ്ണം സ്ഥലത്തുവച്ചുതന്നെ പരിഹരിച്ചു. ബാക്കിയുള്ള പരാതികളിൽ അന്വേഷണം നടക്കുകയാണെന്നും യോഗത്തിൽ വിശദീകരിച്ചു.
പഞ്ചായത്ത് പരിധിയിലുള്ള വിവിധ വന്യജീവി പ്രശ്നങ്ങൾ, പ്രശ്നപരിഹാര മാർഗങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു. യോഗത്തിൽ വനംവകുപ്പ് നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് ലെവൽ ലാൻഡ്സ്കേപ്പ് പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു.