സ്നേഹത്തിന്റേയും ഐക്യപ്പെടലിന്റേയും സന്ദേശമാണ് കണ്ണൂർ ദസറ: കെ.വി. സുമേഷ്
1594495
Thursday, September 25, 2025 1:04 AM IST
കണ്ണൂർ: നിറങ്ങളുടെയും സംഗീതത്തിന്റേയും വിരുന്നൊരുക്കി കണ്ണൂർ ദസറയുടെ രണ്ടാം ദിനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിയോജിപ്പുകളെ ഒഴിവാക്കി ഒന്നാകാനുള്ള സന്ദേശമാണ് എല്ലാ ആഘോഷങ്ങളും നല്കുന്നത്. വിയോജിപ്പുകളെ ഒഴിവാക്കി പരസ്പര സ്നേഹത്തോടെ ആഘോഷങ്ങളെ ആസ്വദിക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് കണ്ണൂർ ദസറയെന്നും എംഎൽഎ. പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തക മാതു സജി മുഖ്യാതിഥിയായിരുന്നു. സന്ധ്യ നമ്പ്യാർ ആൻഡ് ടീമിന്റെ ക്ലാസിക്കൽ ആൻഡ് സെമി ക്ലാസിക്കൽ ഫ്യൂഷൻ, തിരുവാതിര, ഭരതനാട്യം , പെരിങ്ങളായി നടനം ഗ്രൂപ്പിന്റെ ഡാൻഡിയ,ശ ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവയും അരങ്ങേറി. തുടർന്ന് ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിച്ച മ്യൂസിക്കൽ ഷോയിൽ സദസ് ആവേശത്തോടെ പങ്ക് ചേർന്നു.
മൂന്നാം ദിവസമായ ഇന്ന് സാംസ്കാരിക സമ്മേളനം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. തുടർന്ന് സുഭാഷ് ചേർത്തലയുടെ അമ്മ കവിതയുടെ ദൃശ്യാവിഷ്കാരം , ടീം ചിലങ്കയുടെ തിരുവാതിര, ബിജി ബാലൻ അവതരിപ്പിക്കുന്ന ഭരതനാട്യം, കലാമണ്ഡലം നയനാ നാരായണന്റെ മോഹിനിയാട്ടം, ശിവാനി സന്തോഷിന്റെ കുച്ചിപ്പുടി, രഞ്ജു ചാലക്കുടി നയിക്കുന്ന ഫോക് മെഗാ ഷോ എന്നിവയും അരങ്ങേറും.