കൂൺഗ്രാമം പദ്ധതി; യോഗം ചേര്‍ന്നു
1594412
Wednesday, September 24, 2025 8:16 AM IST
ശ്രീകണ്ഠപുരം: കൂൺ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കൃഷി ഓഫീസർമാരുടെ യോഗം സജീവ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ശ്രീകണ്ഠപുരം നഗരസഭ ഹാളില്‍ ചേര്‍ന്നു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയ്ക്ക് 30.25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരിശീലനം ഒക്ടോബര്‍ 13ന് ചെമ്പേരിയില്‍ നടക്കും.ഏറെ പോഷകഗുണമുള്ള കൂണിന്റെ ഉത്പാദന വർധനവും മൂല്യവർധനവും ലക്ഷ്യമാക്കിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു സ്പോൺ (വിത്തുത്പാദനം) യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂണിറ്റുകൾ, 100 കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ് കൂൺ ഗ്രാമം പദ്ധതി.താത്പര്യമുള്ള കർഷകർ കൂൺ ഗ്രാമം പദ്ധതിയിലേക്ക് അതാത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
കൂണ് കൃഷിയില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി, ഫിലോമിന, കൃഷി വകുപ്പ് എഡിഎ മാരായ കെ.ജെ. രേഖ, ബി. സുഷ തുടങ്ങിയവര്‍ പങ്കെടുത്തു.