ജോസ്ഗിരി-അങ്ങാടിക്കടവ് റൂട്ടിൽ പുതിയ ബസ് സർവീസ്
1593614
Monday, September 22, 2025 12:44 AM IST
ചെറുപുഴ: ജോസ്ഗിരിയിൽ നിന്ന് ഇരിട്ടി വഴി അങ്ങാടിക്കടവിലേക്കുള്ള പുതിയ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നു മുതലാണു സർവീസ് ആരംഭിക്കുന്നത്. തെക്കേടത്ത് ട്രാവൽസാണ് പുതിയ ബസ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്.
രാവിലെ ആറിന് ജോസ്ഗിരിയിൽ നിന്നാരംഭിച്ച് ഉദയഗിരി, ആലക്കോട്, നടുവിൽ, പയ്യാവൂർ, ഇരിട്ടി, വള്ളിത്തോട് വഴിയാണ് അങ്ങാടിക്കടവിൽ എത്തിച്ചേരുന്നത്.
അങ്ങാടിക്കടവിൽ നിന്നു തിരിച്ച് ഇതേ റൂട്ടിൽ ആലക്കോട്ടെത്തുന്ന ബസ് ഉച്ചയ്ക്ക് 1.40ന് ആലക്കോട് നിന്നു വീണ്ടും അങ്ങാടിക്കടവിലേക്ക് സർവീസ് നടത്തും. വൈകുന്നേരം അങ്ങാടിക്കടവിൽ നിന്നു തിരിച്ച് അഞ്ചിന് ഇരിട്ടിയിൽ നിന്ന് ശ്രീകണ്ഠപുരം, ചെമ്പന്തൊട്ടി, ആലക്കോട്, ഉദയഗിരി വഴി ജോസ്ഗിരിയിൽ എത്തിച്ചേരുന്ന വിധത്തിലാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ജോസ്ഗിരി, ഉദയഗിരി പ്രദേശങ്ങളിൽ നിന്ന് ഇരിട്ടി ഭാഗത്തേക്കുള്ള ഏക ബസ് സർവീസാണിത്. ഉദ്ഘാടന ചടങ്ങിന് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, ജോസ്ഗിരി ഇടവക വികാരി ഫാ. ജസ്റ്റിൻ മേപ്രത്ത്, പഞ്ചായത്തംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.