തലശേരി മുസ്ലിം ലീഗിൽ പൊട്ടിത്തെറി; കൗൺസിലർ ഉൾപ്പെടെ 25 പേർ സിപിഎമ്മിലേക്ക്
1593881
Tuesday, September 23, 2025 1:26 AM IST
തലശേരി: തലശേരി മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് നഗരസഭാ കൗൺസിലർ ഉൾപ്പടെ 25 പേർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരാനൊരുങ്ങുന്നു. കണ്ണോത്തപ്പള്ളി വാർഡ് കൗൺസിലറും മുസ്ലിംയൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.പി. അൻസാരി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. എംഎസ്എഫ് മുൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെ 25 പേരാണ് പാർട്ടി വിടുന്നത്. സിപിഎം പ്രാദേശിക നേതൃത്വവുമായി ചർച്ചകൾ നടന്നുവരികയാണെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും അൻസാരി പറഞ്ഞു.
കൗൺസിലിൽ പാർട്ടി ലീഡറായിരുന്ന അൻസാരിയെ ഈ സ്ഥാനത്തുനിന്നും പാർട്ടി നീക്കിയിരുന്നു. ഫൈസൽ പുനത്തിലിനെ കൗൺസിൽ പാർട്ടി ലീഡറാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അൻസാരി പാർട്ടി വിടാൻ തീരുമാനിച്ചത്. അൻസാരിയെ മുസ്ലിംലീഗ് ശാഖ പ്രസിഡന്റ് സ്ഥാനത്തുനിന്നു കൂടി നീക്കിയിരുന്നതായി നേതൃത്വം അറിയിച്ചു
പാർട്ടി വിടുന്നതിന് പിന്നിൽ
സ്ത്രീ വിഷയമെന്ന് ലീഗ്
ജീവകാരുണ്യ പ്രവർത്തനത്തിനിടയിലെ സ്ത്രീ വിഷയമാണ് ചിലർ പാർട്ടി വിടുന്നു എന്ന പ്രചാരണത്തിനു പിന്നിലെന്ന് മുസ്ലിം ലീഗിലെ ഉന്നത നേതാവ് പറഞ്ഞു. ഡയാലിസ് ചെയ്യുന്ന രോഗിയെ സഹായിക്കുകയും സംഭവത്തിലേക്ക് സ്ത്രീ വിഷയം കടന്നുവരുകയും ചെയ്തു. പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
തുടർന്ന് ചിലർക്കെതിരെ ചില നടപടികളും ഉണ്ടായി. പാർട്ടി മെംബർഷിപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുകയും നേതൃത്വത്തെ ധിക്കരിക്കുകയും ചെയ്യുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും നേതാവ് വ്യക്തമാക്കി.
ആരോപണം അടിസ്ഥാനരഹിതം
അൻസാരി വിഭാഗം
സ്ത്രീ വിഷയമാണ് അൻസാരിയും കൂട്ടരും പാർട്ടി വിടുന്നതിന് പിന്നിലെന്ന നേതാവിന്റെ വെളിപ്പെടുത്തൽ അടിസ്ഥാന രഹിതമാണെന്ന് അൻസാരി വിഭാഗത്തിലുള്ളവർ പറഞ്ഞു. ഡയാലിസ് രോഗിക്ക് സൗജന്യ ചികിത്സാ സംവിധാനങ്ങൾക്ക് പുറമെ സാമ്പത്തിക സഹായവും നൽകിയിരുന്നു. കടമായി വാങ്ങി നൽകിയ ഈ തുക തിരിച്ച് ചോദിച്ചപ്പോൾ സ്ത്രീവിഷയം ഉയർത്തിക്കാട്ടി പ്രതിരോധിക്കാൻ ചിലർ ശ്രമിച്ചു. യാഥാർഥ്യം മനസിലാക്കാതെയുള്ള നേതൃത്വത്തിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അൻസാരിയെ അനുകൂലിക്കുന്നവർ പറഞ്ഞു.