അപകടത്തിൽപ്പെട്ട ഡ്രൈവറെ രക്ഷിച്ച മുത്തലിബിന് അഭിനന്ദന പ്രവാഹം
1593607
Monday, September 22, 2025 12:44 AM IST
ഉളിക്കൽ: ഉളിക്കൽ-നുച്യാട് മലയോര ഹൈവേയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ മുന്നിട്ട് ഇറങ്ങിയ പ്രദേശവാസിക്ക് അഭിനന്ദന പ്രവാഹം.
ഇരിട്ടി ഭാഗത്തു നിന്നും പയ്യാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഡെലിവറി വാനാണ് നുച്യാട് അപകടത്തിൽപ്പെട്ടത്. ഓട്ടത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡെലിവറി വാൻ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് പോസ്റ്റിൽ ഇടിക്കുകയും ഡ്രൈവർ കോഴിക്കോട് സ്വദേശി ഷാഹിം വാഹനത്തിനകത്ത് കുടുങ്ങുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായി നിൽക്കുന്നതിനിടെ നുച്യാട് സ്വദേശിയായ മുത്തലിബ് തളിപ്പറന്പൻ മറ്റൊന്നുമാലാചിക്കാതെ ഡ്രൈവറെ പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
സംഭവത്തെകുറിച്ച് മുത്തലിബ് പറയുന്നത് ഇങ്ങനെ. നുച്യാട് ടൗണിൽ വാഹനം അപകടത്തിൽപ്പെടുന്ന ശബ്ദം കേട്ട് സമീപത്തുള്ള തന്റെ വീട്ടിൽ നിന്നും ഓടിയെത്തുമ്പോൾ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. അപസ്മാര രോഗ ലക്ഷങ്ങൾ കാണിച്ച ഡ്രൈവറെ രക്ഷിക്കാൻ ആദ്യം എല്ലാവരും ഭയന്ന് മടിച്ചു നിന്നു. അപ്പോഴാണ് മറ്റൊന്നുമാലോചിക്കാതെ താൻ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഒരു ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ മനസിലുണ്ടായിരുന്നത്.
മുത്തലിബ് അപകടത്തിൽപ്പെട്ട ഡ്രൈവറെ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിലും വൈറലാണ്.