കോർപറേഷൻ തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റിലും മത്സരിക്കാൻ പി.കെ. രാഗേഷ് വിഭാഗം
1593882
Tuesday, September 23, 2025 1:26 AM IST
കണ്ണൂര്: കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ തീരുമാനിച്ച് പി.കെ. രാഗേഷ് നേതൃത്വം നൽകുന്ന രാജീവ്ജി കൾച്ചറൽ ഫോറം. അടുത്ത മാസം സംഘടനയുടെ വിപുലമായ കൺവൻഷൻ വിളിച്ചു ചേർത്ത് മത്സര വിവരം പ്രഖ്യാപിക്കാനാണ് രാജീവ്ജി കൾച്ചറൽ ഫോറം തീരുമാനിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതൃത്വവുമായി അകന്നു കഴിയുന്ന നേതാക്കളെയും പ്രവർത്തകരെയും ഫോറവുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതിനിടെ എൽഡിഎഫ് പിന്തുണ നേടി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള സാധ്യതയും ആലോചിക്കുന്നു. നേരത്തെ എൽഡിഎഫിനൊപ്പംനിന്ന് പ്രഥമ മേയർ സ്ഥാനം സിപിഎമ്മിന് നേടിക്കൊടുത്തതിൽ നിർണായ ശക്തിയായിരുന്നു പി.കെ.രാഗേഷ്. എന്നാൽ പാതിവഴിയിൽ വച്ച് പ്രഥമ മേയർ ഇ.പി. ലതയ്ക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് അവരെ പുറത്താക്കിയതും രാഗേഷിന്റെ വോട്ടായിരുന്നു. അത്തരമൊരാളെ സിപിഎം ഇനിയും കൂടെ നിർത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും കോർപറേഷൻ പിടിക്കാനുള്ള നീക്കത്തിൽ രാഗേഷിനെ അവർ കൂടെ നിർത്തിയേക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി.കെ. രാഗേഷിനെ പിന്നീട് പാർട്ടി അച്ചടക്കം ലംഘിച്ചതിന് കോൺഗ്രസ് പുറത്താക്കിയിരുന്നു. പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സാണായി പി.കെ. രാഗേഷ് തുടരുന്നുണ്ട്. പള്ളിക്കുന്ന് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചതിന്റെ പേരിലായിരുന്നു രാഗേഷിനെ പുറത്താക്കിയത്.