നാടുകാണി സൂ സഫാരി പാർക്ക് "ശൂ' ആകുമോ
1593878
Tuesday, September 23, 2025 1:26 AM IST
ഷെൽമോൻ പൈനാടത്ത്
ചപ്പാരപ്പടവ്: നാടുകാണിയിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടി മന്ദഗതിയിൽ. സഹകരണ മേഖലയുടെ ഉൾപ്പെടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിക്കുകയും ബജറ്റിൽ രണ്ടുതവണ തുക നീക്കിവച്ചെങ്കിലും പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്കിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിക്കുകയും സർക്കാർ ഈ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഇതിനുശേഷമാണ്പദ്ധതി നിശ്ചലമായത്.
കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മൃഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപന ചെയ്യുന്നത്. നിലവിലുള്ള പ്രകൃതി അതേപോലെ നിലനിർത്തി സ്വഭാവികവനവത്കരണം നടത്തിയാണ് പാർക്കിന്റെ രൂപകൽപന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക.
പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷൻ കോർപറേഷനിലെ ജീവനക്കാരെ നിർദിഷ്ട പാർക്കിലേക്ക് ആഗിരണം ചെയ്യും എന്നൊക്കെയാണ് വകുപ്പ് മന്ത്രി പറഞ്ഞിരുന്നത്.
ആശങ്ക പരിഹരിച്ചില്ല
നാടുകാണിയിലെ പ്രഖ്യാപിത സഫാരി പാർക്കിനും മൃഗശാലയ്ക്കും സമ്മിശ്രപ്രതികരണമാണ് പ്രദേശത്തേയും സമീപപ്രദേശത്തേയും ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഒരു വലിയ വിഭാഗം ജനങ്ങളിൽ ഇത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഈ പദ്ധതി യാഥാർഥ്യമാകുന്പോൾ ഏഷ്യയിലെതന്നെ ഏറ്റവും വലിയ കറപ്പത്തോട്ടം വിസ്മൃതിയിലാകും.
നാടുകാണി എന്ന് പറയുമ്പോൾ അതിന് ചുറ്റപ്പെട്ടുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളായ പന്നിയൂർ, കാരക്കൊടി, കാലിക്കടവ്, കൂവേരി, മുച്ചിലോട്, ചപ്പാരപ്പടവ്, പടപ്പേങ്ങാട്, ബാലേശുഗിരി തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥയും നീരൊഴുക്കും ഈ ഉയർന്ന പ്രദേശത്തെ ആശ്രയിച്ചാണിരിക്കുന്നത്.
നാടുകാണിയിലെ കറപ്പ തോട്ടക്കൃഷി ഉൾപ്പെടെയുള്ള സസ്യലതാദികൾ മേൽ പറഞ്ഞ പ്രദേശത്തിന്റെ ജലശ്രോതസുകൾ ആണെന്നതിൽ സംശയമില്ല. ഇതിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തീർത്തും ഒഴിവാക്കേണ്ടതാണെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
മൃഗങ്ങൾക്ക് അനുകൂലമല്ല
മൃഗങ്ങളുടെ ആവസ്ഥവ്യവസ്ഥക്ക് അനുകൂലമല്ലാത്ത പ്രദേശമാണ് ഇവിടം എന്നാണ് പറയുന്നത്.പ്രദേശവാസികൾ വർഷങ്ങളായുള്ള പരിചയം വെച്ച് പറയുന്നത് മയിലുകൾ മാത്രമാണ് ഈ പ്രദേശത്ത് കണ്ടുവരാറുള്ളത് എന്നാണ്. ഈ മയിലുകൾ ഇന്ന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചതായികാണാം. മയിലുകളുടെ സാന്നിധ്യം പൊതുവെ വരൾച്ചയുടെ ലക്ഷണമായിട്ടാണ് കണക്കാക്കുന്നത്.
മറ്റേതെങ്കിലും മൃഗങ്ങൾക്ക് ജീവിക്കാനുതകുന്ന അനുകൂലഘടകങ്ങൾ ഇവിടെയില്ലെന്ന വിമർശനവും ശക്തമാണ്. സ്വാഭാവിക ജലാശയമോ ജലശ്രോതസോ ഇല്ലാത്ത ഒരു പ്രദേശത്ത് എങ്ങനെ മൃഗശാല നിൽക്കുമെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
തൊട്ടടുത്തുള്ള കിൻഫ്രയിലേക്ക് വെള്ളമെത്തിക്കുന്നത് ചപ്പാരപ്പടവിലെ ഉറൂട്ടേരിയിൽ നിന്നാണ്. ജലലഭ്യത കുറവായതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചാസമയത്ത് അവിടെ നിന്ന് ജലമൂറ്റുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്.
പദ്ധതിയെക്കുറിച്ച് ആശയം വന്നപ്പോൾ തന്നെ ഏറ്റവും ശക്തമായി എതിർപ്പുമായി വന്നത് ഭരണകക്ഷിയിലെ സിപിഐ ആണ്. തങ്ങളോട് ഇതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല എന്നാണ് സിപിഐ പഞ്ചായത്ത് കമ്മറ്റി പറയുന്നത്.