ഇഞ്ചിക്കൃഷിയെ പ്രതിസന്ധിയിലാക്കി മഞ്ഞളിപ്പ് രോഗബാധ
1593613
Monday, September 22, 2025 12:44 AM IST
പയ്യാവൂർ: ഇഞ്ചിച്ചെടികളിലെ മഞ്ഞളിപ്പും പഴുപ്പും കർഷകരെ ആശങ്കയിലാക്കുന്നു. പയ്യാവൂർ, ഏരുവേശി, നടുവിൽ, ഉളിക്കൽ പഞ്ചായത്തുകളിലെ വിവിധ മേഖലയിലാണ് ഇഞ്ചിച്ചെടികളിൽ ഫംഗസ് രോഗബാധ വ്യാപകമാകുന്നത്. രോഗം കൂടുതൽ കൃഷിയിടങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നാണ് കാർഷിക മേഖലയിലുള്ളവർ പറയുന്നത്. വിത്തുനട്ട് ഒന്നരമാസം പിന്നിട്ടതും വളപ്രയോഗം കഴിഞ്ഞതുമായ തൈകളിലാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ ചെടി പാടേ നശിക്കുകയാണ്. ഇലകളുടെ അഗ്രത്ത് ദൃശ്യമാകുന്ന പുള്ളികളും നിറവ്യത്യാസവുമാണ് രോഗത്തിന്റെ ആദ്യലക്ഷണം. ക്രമേണ എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും മഞ്ഞളിപ്പ് വ്യാപിക്കും. അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതും രോഗം പടരാൻ കാരണമാകുന്നുണ്ട്. കർണാടകയിൽ കഴിഞ്ഞവർഷം ഈ രോഗബാധ വ്യാപകമായിരുന്നു.
വാതിൽമട, പൈസക്കരി, കുന്നത്തൂർ, ജോസ് മൗണ്ട്, കാഞ്ഞിരകൊല്ലി മേഖലകളിലെല്ലാം രോഗബാധയാൽ ഒട്ടേറെ കർഷകരുടെ ഇഞ്ചിക്കൃഷിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കുന്നത്തൂർ സ്വദേശിയായ ജോസ് മൗണ്ട് സെന്റ് ജോസഫ്സ് പള്ളിക്കു സമീപത്തെ മൈക്കിൾ വല്ലേൽ പുത്തേട്ടിന്റെ ഒന്നരയേക്കർ സ്ഥലത്തെ കൃഷിയിടത്തിൽ രോഗബാധയുണ്ടായതിനെ തുടർന്ന് കൃഷി പൂർണമായും നശിച്ചു.
രോഗബാധയെ തുടർന്ന് ഇത്തവണ ഇഞ്ചിക്കൃഷി ചെയ്തവർ കടുത്ത ആശങ്കയിലാണ്. കടംവാങ്ങിയും മറ്റുമാണ് പലരും കൃഷിയിറക്കിയത്. ഇത്തവണ വേനൽമഴ ആദ്യംമുതലേ നല്ലതുപോലെ കിട്ടിയതിനാൽ നിലമൊരുക്കുന്നതിനും മറ്റും കർഷകർക്ക് ഗുണകരമായിരുന്നു. പക്ഷെ നിർത്താതെ പെയ്ത തീവ്രമഴയാണ് കൃഷിക്ക് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് കർഷകർ പറയുന്നത്.
പ്രതിരോധിക്കാമെന്ന്
കൃഷിവകുപ്പ്
രോഗബാധയെക്കുറിച്ച് കർഷകർ നൽകിയ വിവരമനുസരിച്ച് പൂപ്പൽ രോഗബാധയാണെന്നാണ് കൃഷി വകുപ്പുദ്യോഗസ്ഥർ പറയുന്നത്. രോഗബാധ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആവശ്യമായ പ്രതിരോധ സംവിധാനങ്ങളൊരുക്കിയാൽ കൃഷി രക്ഷിക്കാനാകും. ഇലപ്പുള്ളി ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ പ്രതിരോധ നടപടികൾ സ്വീകരിക്കണം. രോഗനിയന്ത്രണത്തിനായി കൃഷിവകുപ്പിന്റെ നിർദേശാനുസരണമുള്ള കുമിൾനാശിനികളും ബോഡോമിശ്രിതവും തളിക്കണം.