നിർധന കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തു
1593611
Monday, September 22, 2025 12:44 AM IST
ഇരിട്ടി: കോൺഗ്രസ് കീഴ്പള്ളി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവും നിർധന കുടുംബങ്ങൾക്കുള്ള ഭൂമി വിതരണവും നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഐസിസി അംഗവും മുൻ എംപിയുമായ രമ്യ ഹരിദാസ് മുഖ്യാതിഥിയായിരുന്നു.
കീഴ്പള്ളി സ്വദേശികളായ നരീക്കോടൻ ഗോവിന്ദൻ ഭാര്യ പുഷ്പവല്ലിയുടെ സ്മരണക്കായും സഹോദരൻ ശ്രീധരൻ മാതാപിതാക്കളായ അത്തിക്കൽ പൈതൽ, പാഞ്ചാലി എന്നിവരുടെയും സഹോദരങ്ങളായ വാസു, മോഹനൻ, എന്നിവരുടെയും സ്മരണയ്ക്കായാണ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. അർഹതപ്പെട്ട ആളുകളെ കണ്ടെത്തി വിതരണം ചെയ്യുന്നതിന് സ്ഥലം ഉടമകൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെടുകയിരുന്നു.
തുടർന്ന് ആറളം പഞ്ചായത്ത് പരിധിയിലെ സ്വന്തമായി വീടില്ലാത്ത നിർധനരായ അഞ്ച് കുടുംബങ്ങളെ കണ്ടെത്തിയാണ് സ്ഥലം നൽകിയത്. കീഴപള്ളിയിൽ നടന്ന ചടങ്ങിൽ അഞ്ചു കുടുംബങ്ങൾക്കും രേഖകൾ കൈമാറി. സ്ഥലം ദാനം ചെയ്ത ഗോവിന്ദനെയും ശ്രീധരനെയും ചടങ്ങിൽ കെപിസിസി പ്രസിഡന്റും രമ്യ ഹരിദാസും ചേർന്ന് ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
കെ. വേലായുധൻ, തോമസ് സാജു ജോമസ്, പി.എ. നസീർ, ജോഷി പാലമറ്റം, കെ.എൻ. സോമൻ, വി. ശോഭ, വി.ടി. ചാക്കോ, പി.എം. ജോസ്, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.