മെഡിക്കൽ കോളജിലേക്കുള്ള റോഡിന്റെ നവീകരണം തുടങ്ങി
1594518
Thursday, September 25, 2025 1:04 AM IST
ബദിയടുക്ക: ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജിന് അംഗീകാരം ലഭിച്ചത് നാളുകളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചെർക്കള-കല്ലടുക്ക റോഡിന് അനുഗ്രഹമായി. മെഡിക്കൽ കോളജിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലെ കുഴികൾ നികത്തി റീടാറിംഗ് നടത്തുന്നതിനുള്ള പ്രവൃത്തികൾക്ക് ഇന്നലെ യുദ്ധകാലാടിസ്ഥാനത്തിൽ തുടക്കമായി.
ആദ്യഘട്ടത്തിൽ എട്ടുലക്ഷം രൂപ ചെലവിൽ എടനീർ മുതൽ ചാർളടുക്ക വരെയുള്ള ഭാഗത്തെ പ്രവൃത്തികളാണ് പൂർത്തിയാക്കുക. അവശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടികൾക്കും തുടക്കമായി. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഈ മാസം 29 മുതൽ ഓട്ടം നിർത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
റോഡിന്റെ അറ്റകുറ്റപണികൾക്കായി എട്ടുലക്ഷം രൂപയുടെ ഫണ്ട് കിഫ്ബി അനുവദിച്ചെങ്കിലും തുക കുറഞ്ഞുപോയെന്നു ചൂണ്ടിക്കാട്ടി ആദ്യം കരാറുകാർ ടെൻഡർ ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇപ്പോൾ ഈ തുകയ്ക്കനുസൃതമായി പ്രവൃത്തി നടത്തുന്ന ഭാഗത്തിന്റെ നീളം കുറച്ചാണ് പുതിയ ടെൻഡർ നൽകിയത്. മെഡിക്കൽ കോളജിൽ ക്ലാസുകൾ തുടങ്ങാറായ സാഹചര്യത്തിൽ നടപടിക്രമങ്ങൾക്ക് വേഗം വയ്ക്കുകയായിരുന്നു.