ദേശീയപാതയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച് അപകടം
1594748
Friday, September 26, 2025 1:06 AM IST
പിലിക്കോട്: കാലിക്കടവ് ടൗണിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ ഗ്യാസ് സിലിണ്ടറുകളുമായെത്തിയ മറ്റൊരു ലോറിയിടിച്ചു.
ഗ്യാസ് സിലിണ്ടർ നിറച്ച ലോറി ഓടിച്ച ഡ്രൈവർ പിലാത്തറക്കടുത്ത് മണ്ടൂർ സ്വദേശി ആബിദി (40) ന് കാൽമുട്ടിന് പരിക്കേറ്റു. സ്റ്റിയറിംഗിനടയിൽ കുടുങ്ങിയാണ് പരിക്കേറ്റത്. സിലിണ്ടറുകൾ റോഡിലേക്ക് തെറിച്ചുവീണെങ്കിലും ഗ്യാസ് ചോർച്ചയുണ്ടാകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
രണ്ട് ലോറികളിലെയും തൊഴിലാളികൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
ദേശീയപാതയിൽ കാഞ്ഞങ്ങാടിനും കാലിക്കടവിനുമിടയിൽ ഇത് മൂന്നുദിവസത്തിനിടെ മൂന്നാമത്തെ അപകടമാണ്. മൂന്നു സംഭവങ്ങളിലും ചരക്കുലോറികളാണ് അപകടത്തിൽപ്പെട്ടത്.
മഴ മാറിയതോടെ രാത്രികാലങ്ങളിൽ ദേശീയപാതയിലൂടെ ഓടുന്ന ലോറികൾ അമിതവേഗതയിലാകുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.