സംസ്ഥാന താരത്തെ ഒഴിവാക്കി ജില്ലാ ടീം പ്രഖ്യാപിച്ചതില്‍ പ്രതിഷേധം
1594745
Friday, September 26, 2025 1:06 AM IST
കാസര്‍ഗോഡ്: സംസ്ഥാന സ്കൂള്‍ സീനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീം സെലക്ഷന് പട്ടികയില്‍ അംഗമായ സംസ്ഥാന താരത്തെ ഒഴിവാക്കി മറ്റൊരാളെ ഉള്‍പ്പെടുത്തി. ഇതിനെതിരെ ഫുട്ബോള്‍ താരവും ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ ചേരൂറിലെ ഉമ്മര്‍ അഫാഫ് കളക്ടര്‍ക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും പരാതി നല്കി.
സെലക്ഷന് ട്രയല്‍സില്‍ 18 അംഗ ടീമിന്റെ പട്ടിക ശനിയാഴ്ച രാത്രി 10ന് ആണ് പ്രസിദ്ധപ്പെടുത്തിയത്. ഇതില്‍ ഉമ്മര്‍ അഫാഫ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരനായി ഇടം നേടിയിരുന്നു. ഈ പട്ടികയില്‍ ഒരു ഗോള്‍ കീപ്പര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു ഗോള്‍ കീപ്പര്‍മാരെ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദേശീയ-സംസ്ഥാനതങ്ങില് മത്സരിച്ച ഉമ്മര്‍ അഫാഫിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി മറ്റൊരു ഗോള്‍കീപ്പറെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന മേളയില്‍ ജില്ലാ ടീം പങ്കെടുത്തത്.
രണ്ടാമതൊരു ഗോള്‍ കീപ്പര്‍ക്ക് ഇടം നല്കാന് നിലവില്‍ തുടര്‍ച്ചയായി രണ്ടു തവണ കേരള ടീമിനായി ബൂട്ടണിഞ്ഞ മികച്ച സെന്റര്‍ ഫോര്‍വേഡിനെ ടീമില്‍ നിന്നു പുറത്താക്കിയതാണ് പരാതിക്കിടയായത്. ഒഴിവാക്കപ്പെട്ട ഉമ്മര്‍ അഫാഫ് പ്രഫഷണല്‍ ക്ലബ് അംഗവും 2023-24 സീസണില്‍ കേരള ഫുട്ബോള്‍ അസോസിയേഷന് കേരള ജൂണിയര്‍ ബെസ്റ്റ് പ്ലെയറുമായിരുന്നു.
തൃക്കരിപ്പൂരില്‍ നടന്ന ജില്ലാ സ്കൂള്‍ ചാംപ്യന്‍ഷിപ്പില്‍ ചാംപ്യന്മാരായ കാസര്‍ഗോഡ് ഉപജില്ലാ ടീമംഗവുമാണ്. മത്സരത്തില്‍ ഉപജില്ല നേടിയ മൂന്നു ഗോളുകളില്‍ രണ്ടെണ്ണവും ഉമ്മര്‍ അഫാഫിന്റെയായിരുന്നു. സബ്സ്റ്റിറ്റിയൂട്ട് ആയി ഫീല്‍ഡിലെത്തി അഞ്ചു മിനിറ്റ് മാത്രം കളിച്ച് ഒരു ബോള്‍ ടച്ച് പോലും കിട്ടാത്ത താരമടക്കം നിലവില്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്.
ഒന്നാം നമ്പര്‍ ജഴ്സി അണിഞ്ഞാണ് ഉമ്മര്‍ അഫാഫ് ആദ്യ മത്സരിച്ചതെന്നും പിന്നീടുള്ള മത്സരങ്ങളില്‍ ഒന്നാം നമ്പര്‍ ജഴ്സി ഒഴിവാക്കി അഞ്ചാം നമ്പറിട്ടു കളിച്ചു. ജഴ്സി നമ്പർ മാറി കളിച്ചപ്പോള്‍ ഉണ്ടായ ക്ലറിക്കല്‍ അബദ്ധമാണ് ഉമ്മര്‍ അഫാഫിന്റെ അവസരം നഷ്ടപ്പെടുത്തിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.