കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റേഷനുകളിൽ കൂടുതൽ വികസന പ്രവർത്തനങ്ങളുമായി റെയിൽവേ
1594747
Friday, September 26, 2025 1:06 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, നീലേശ്വരം റെയിൽവേ സ്റ്റേഷനുകളിൽ പുതിയ ബുക്കിംഗ് കേന്ദ്രങ്ങളും കൂടുതൽ പാർക്കിംഗ് സൗകര്യവുമുൾപ്പെടെ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്തുമെന്ന് പാലക്കാട് റെയിൽവേ അഡീഷണൽ ഡിവിഷണൽ മാനേജർ എസ്. ജയകൃഷ്ണൻ പറഞ്ഞു.
കാലങ്ങളായി തകർന്നുകിടക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് വീതികൂട്ടി ഉയർത്തി നവീകരിക്കും. കാഞ്ഞങ്ങാട് സ്റ്റേഷനിൽ ആർപിഎഫ് ഔട്ട്പോസ്റ്റും സ്ഥാപിക്കും. രണ്ട് സ്റ്റേഷനുകളിലും നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് സ്റ്റേഷനിൽ ആർപിഎഫ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുന്നതിനായി സ്ഥലസൗകര്യം അനുവദിച്ചിട്ടുണ്ട്. സ്റ്റേഷൻ കെട്ടിടത്തിന്റെ വടക്കുവശത്ത് പുതുതായി കൂട്ടിയെടുത്ത ഭാഗത്ത് കൂടുതൽ സൗകര്യങ്ങളോടെ ബുക്കിംഗ് ഓഫീസ് സ്ഥാപിക്കും. വടക്കുവശത്ത് പുതുതായി നിർമിക്കുന്ന മേൽപ്പാലത്തോടനുബന്ധിച്ച് ഇരുവശങ്ങളിലും ലിഫ്റ്റ് സ്ഥാപിക്കും. 70 ലക്ഷം രൂപ ചെലവിൽ സ്റ്റേഷനു ചുറ്റിലും ഉയരവിളക്കുകൾ സ്ഥാപിക്കും. സ്റ്റേഷനിൽ ഒരു പ്ലാറ്റ്ഫോം കൂടി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ. അനീശൻ, കൗൺസിലർമാരായ കെ.വി. മായാകുമാരി, ടി.വി. സുജിത്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ. ദാമോദരൻ, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് പി.കെ. പ്രശാന്ത്, റിസർവേഷൻ സൂപ്രണ്ട് ആർ. ബിന്ദു, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, കെ.പി. മോഹനൻ, കെ. മുഹമ്മദ്കുഞ്ഞി, ഫസലു റഹ്മാൻ, ബാബു കോട്ടപ്പാറ എന്നിവർ സംബന്ധിച്ചു.
നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് പുതിയൊരു പാർക്കിംഗ് കേന്ദ്രം കൂടി സ്ഥാപിക്കുമെന്നും നിലവിലുള്ള ടിക്കറ്റ് കൗണ്ടറിന് എതിർവശത്തായി പുതിയ ടിക്കറ്റ് കൗണ്ടർ നിർമിക്കുമെന്നും എടിവിഎം സംവിധാനം സ്ഥാപിക്കുമെന്നും അഡിഷണൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ അറിയിച്ചു. 16 മീറ്റർ വീതം നീളമുള്ള അഞ്ച് പ്ലാറ്റ്ഫോം ഷെൽട്ടറുകളും നിർമിക്കും. പടിഞ്ഞാറ് ഭാഗത്ത് നിലവിലുള്ള ഗാന്ധി പ്രതിമക്ക് സമീപത്തായാണ് പുതിയ പാർക്കിംഗ് സംവിധാനം ഒരുക്കുന്നത്.
ഇതിനു മുന്നോടിയായി ഇവിടെയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കും നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കലക്ടീവ് ( എൻആർഡിസി ) ഭാരവാഹികളായ ഡോ.വി. സുരേശൻ, എൻ. സദാശിവൻ, എം. വിനീത്, സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്, സി.എം. സുരേഷ്കുമാർ, കെ. ബാബുരാജ്, പി.യു. ചന്ദ്രശേഖരൻ, പി.ടി. രാജേഷ്, സതീശൻ വെങ്ങാട്ട് എന്നിവർ അഡീഷണൽ ഡിവിഷണൽ മാനേജരെയും സംഘത്തെയും സ്വീകരിച്ചു.