നാട്ടുമരങ്ങളുടെ നഴ്സറിയൊരുക്കാൻ ബേക്കൽ ഗവ. സ്കൂൾ
1593902
Tuesday, September 23, 2025 1:26 AM IST
ബേക്കൽ: സ്വദേശത്തും വിദേശത്തും നിന്നുള്ള വിവിധയിനം വാഴയിനങ്ങൾ നട്ടു പരിപാലിച്ച് ജൈവവൈവിധ്യ സംരക്ഷണം ഉറപ്പുവരുത്തിയതിനു പിന്നാലെ നാട്ടുമരങ്ങളുടെ നഴ്സറി സ്ഥാപിക്കാനുള്ള പദ്ധതിയുമായി ബേക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
ഒരുകാലത്ത് വീട്ടുപറമ്പുകളിൽ വ്യാപകമായിരുന്നതും ഇപ്പോൾ അന്യം നിന്നുപോകുന്നതുമായ ഒണ്ടാമ്പുളി, അമ്പഴം, പുന്ന, നീലയമരി, നീർമരുത്, താന്നി, വേങ്ങ, കാഞ്ഞിരം, സോപ്പിൻകായ, മുള്ളിലവ്, എരിക്ക്, ആലം തുടങ്ങി അമ്പതോളം ഇനം മരങ്ങളുടെ തൈകളാണ് സ്കൂളിലെ നഴ്സറിയിൽ നട്ടുവളർത്തുക. വരുംവർഷങ്ങളിൽ ഇവ ഉദുമ പഞ്ചായത്ത് പരിധിയിലെ വിവിധ കാവുകളിലും പച്ചത്തുരുത്തുകളിലും നട്ടുപിടിപ്പിക്കാനാണ് പദ്ധതി.
ഉദുമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതിയാണ് പദ്ധതി തയ്യാറാക്കിയത്. നേരത്തേ സമിതിയുടെ സഹകരണത്തോടെയാണ് സ്കൂൾ വളപ്പിൽ വിവിധയിനം നാടൻ വാഴകളുടെ ജൈവസമ്പത്ത് സംരക്ഷിച്ചത്. സ്കൂളിലെ ജൈവവൈവിധ്യ ക്ലബ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിലാണ് നാട്ടുമരങ്ങളുടെ വിത്തുകളും തൈകളും ശേഖരിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി നിർവഹിച്ചു. വാർഡംഗം സുധാകരൻ മലാംകുന്ന് അധ്യക്ഷനായി.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം. അഖില, സ്കൂൾ പ്രിൻസിപ്പൽ കെ. അരവിന്ദ, മുഖ്യാധ്യാപിക എൽ. ഷില്ലി, സ്കൂൾ ജൈവവൈവിധ്യക്ലബ് കോ-ഓർഡിനേറ്റർ കെ. ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.