ബെള്ളൂരിലെ ഒരു വീട്ടില്‍ 38 വോട്ടുകള്‍ !
1594743
Friday, September 26, 2025 1:06 AM IST
കാസര്‍ഗോഡ്: തദ്ദേശതെരഞ്ഞെടുപ്പിനായി ബെള്ളൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡായ നാട്ടക്കല്ലില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ഒരു വീട്ടുനമ്പറില്‍ 38 വോട്ടര്‍മാര്‍. 10-ാം നമ്പര്‍ വീട്ടിലാണ് ഇത്തരത്തില്‍ വോട്ടര്‍മാര്‍ ‘പുരനിറഞ്ഞിരിക്കുന്നത്.'
മുഴുവന്‍ വോട്ടര്‍മാരും ഇതേ വാര്‍ഡില്‍ ഉള്‍പ്പെടുന്നവരാണെന്നും വീട്ടു നമ്പറിന്റെ സ്ഥാനത്ത് പഴയ വാര്‍ഡ് നമ്പര്‍ ചേര്‍ത്തതാണ് ഈ അബദ്ധത്തിന് കാരണമെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. പഴയ 10-ാം വാര്‍ഡാണ് നാട്ടക്കല്.
വിഭജനത്തിനുശേഷം ഇതു 11-ാം വാര്‍ഡായി മാറി. 10-ാം വാര്‍ഡ് ആയിരുന്നപ്പോള്‍ 10-ാം നമ്പര്‍ വീട്ടില്‍ സീതു, മക്കളായ സീതാറാം, രമേശ, സതീശ എന്നിവരാണ് വോട്ടര്‍മാരായി ഉണ്ടായിരുന്നത്. വാര്‍ഡ് വിഭജിച്ചപ്പോള്‍ ഈ വീട് ഒമ്പതാം വാര്‍ഡിലേക്ക് മാറി.
പക്ഷേ വോട്ട് ചേര്‍ക്കാന്‍ നേതൃത്വം നല്കിയ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സംഭവിച്ച തെറ്റ് കാരണം എല്ലാവര്ക്കും പഴയ വാര്‍ഡ് നമ്പര്‍ തന്നെ വീട്ടുനമ്പറിന്റെ സ്ഥാനത്ത് ചേര്‍ക്കുകയായിരുന്നെന്നാണ് പറയുന്നത്. സബ് നമ്പറിന്റെ സ്ഥാനത്താണ് വീട്ടുനമ്പര്‍ നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ അബദ്ധം മനസിലാകുന്നത്.
വാര്‍ഡ് നമ്പര്‍ മാറുമെങ്കിലും വോട്ടര്‍പട്ടികയില്‍ പഴയ വാര്‍ഡ് നമ്പറും അപ്പോഴുള്ള വീട്ടുനമ്പറും തന്നെയാണ് രേഖപ്പെടുത്തുന്നത്. പുതിയ വാര്‍ഡ് പ്രകാരമുള്ള വീട്ടുനമ്പര്‍ പതിച്ചിട്ടില്ല.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പഞ്ചായത്തില്‍ ഭൂരിഭാഗം പേരും കന്നട ഭാഷ സംസാരിക്കുന്നവരാണ്.
ഇവര്‍ക്ക് മലയാളം വേണ്ടത്ര മനസിലാകാതിരുന്നതും പിഴവിനു കാരണമായതായും ഒരു വോട്ട് പോലും മറ്റു വാര്‍ഡുകളില്‍ നിന്നും തെറ്റായി ചേര്‍ത്തിട്ടില്ലെന്നും പഞ്ചായത്ത് അസി. സെക്രട്ടറി ടി. ശ്രീകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ സിപിഎം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.