ഇരിയണ്ണിയിൽ പട്ടാപ്പകൽ പുലിയിറങ്ങി
1594512
Thursday, September 25, 2025 1:04 AM IST
ഇരിയണ്ണി: രണ്ടു പുലികളെ കൂടുവച്ചു പിടിച്ചിട്ടും മുളിയാർ പഞ്ചായത്തിലെ പുലിഭീതി തീരുന്നില്ല. ഇന്നലെ ഇരിയണ്ണിക്കു സമീപം കുട്ട്യാനത്ത് പട്ടാപ്പകൽ വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചുകൊണ്ടുപോയി. കുട്ട്യാനത്തെ ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് രാവിലെ 10.30ഓടെ പുലിയെത്തിയത്. പൊന്തക്കാടുകളുടെ മറവിൽ നിന്ന് പെട്ടെന്ന് ചാടിവീണ പുലി മുറ്റത്ത് മേഞ്ഞുനടക്കുകയായിരുന്ന കോഴിയെ കടിച്ചുകൊണ്ടുപോവുകയായിരുന്നു.
തൊട്ടടുത്ത് കളിക്കുകയായിരുന്ന കുട്ടികളും അല്പമകലെയുണ്ടായിരുന്ന മുതിർന്നവരും ഞെട്ടിത്തരിച്ചു നിൽക്കുന്നതിനിടെ പുലി കോഴിയേയും കൊണ്ട് കാട്ടിലേക്ക് മറഞ്ഞു. ശിവപ്രസാദിന്റെ വളർത്തുനായയും അടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീട്ടുമുറ്റത്ത് കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാനായി വനംവകുപ്പ് തുറന്ന ഹെൽപ്പ് ഡെസ്ക്കിൽ മുളിയാർ പഞ്ചായത്തിൽ മാത്രം ഇതുവരെ 61 പരാതികളാണ് ലഭിച്ചത്.
തൊട്ടടുത്ത ദേലംപാടി പഞ്ചായത്തിൽ 96 പരാതികളും കാറഡുക്കയിൽ ഏഴു പരാതികളും ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് പരിഹാരം കാണുന്നതിനായി ചൊവ്വാഴ്ച മൂന്നു പഞ്ചായത്തുകളിലും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജനജാഗ്രതാ സമിതി അവലോകനയോഗം നടത്തിയിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് വീണ്ടും പുലിയിറങ്ങിയത്.