വന്യജീവി ആക്രമണം: ജനജാഗ്രതാ സമിതി യോഗം ചേർന്നു
1594511
Thursday, September 25, 2025 1:04 AM IST
കാട്ടുപന്നികളെ വെടിവച്ചു
കൊല്ലാൻ നടപടി
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനം. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി വനംവകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഇന്നലെ ചേർന്ന ജനജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
കാട്ടുപന്നികളെ കൊല്ലാൻ ലൈസൻസുള്ള 25 ഷൂട്ടർമാരെ പഞ്ചായത്തിലെത്തിച്ച് അടുത്ത മാസം 15 ന് മുമ്പായി പന്നികളെ കൊന്നൊടുക്കാനാണ് ധാരണ. ഇതിനു മുന്നോടിയായി നാളെ രാവിലെ പഞ്ചായത്ത് ഓഫീസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ, കർഷകരുടെയും ഷൂട്ടർമാരുടെയും പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ച് ആലോചനായോഗം നടത്തും.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ വനംവകുപ്പ് തുടങ്ങിയ ഹെൽപ്പ് ഡസ്ക്കിൽ ഇതുവരെ ലഭിച്ചത് 90 പരാതികളാണ്. ഇതിലേറെയും കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ടതാണ്. പരാതികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായാണ് ജനജാഗ്രതാസമിതി യോഗം ചേർന്നത്. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എൻ.വി. സത്യൻ, സെക്ഷൻ ഓഫീസർ ലക്ഷ്മൺ, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് പാറേക്കുടിയിൽ, കെ.കെ. മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സൗരോർജവേലികളുടെ
നിർമാണം
പനത്തടി: പഞ്ചായത്തിലെ വനാതിർത്തിയിൽ സൗരോർജവേലികൾ സ്ഥാപിക്കാൻ ബാക്കിയുള്ള ഭാഗങ്ങളിലെ നിർമാണം പഞ്ചായത്തിന്റെയും വനസംരക്ഷണ സമിതികളുടെയും സഹകരണത്തോടുകൂടി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന ജനജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ പഞ്ചായത്തിൽ വനംവകുപ്പ് തുറന്ന ഹെൽപ്പ് ഡസ്ക്കിൽ ഇതുവരെ 45 പരാതികളാണ് ലഭിച്ചത്.
ഇതിൽ 13 എണ്ണത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി വനംവകുപ്പ് കൈക്കൊണ്ട പ്രവർത്തനങ്ങളെക്കുറിച്ച് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പവർപോയിന്റ് പ്രസന്റേഷൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ആർആർടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി. സത്യൻ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി ഭാരവാഹികളും കർഷക പ്രതിനിധികളും പങ്കെടുത്തു.
വനത്തിലെ നീരുറവകളിൽ നിന്ന് കർഷകർക്കും
വെള്ളം ലഭ്യമാക്കണം
ബളാൽ: വനത്തിനുള്ളിലെ നീരുറവകളിൽ നിന്ന് കർഷകർക്ക് കുടിക്കുന്നതിനും കൃഷി ചെയ്യുന്നതിനുള്ള വെള്ളം ലഭ്യമാക്കണമെന്ന് ബളാൽ പഞ്ചായത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന ജനജാഗ്രതാസമിതി അവലോകന യോഗത്തിൽ നിർദേശം.
വർഷത്തിൽ മൂന്നുമാസമെങ്കിലും കർഷകർക്ക് ഉപദ്രവകാരികളായ മൃഗങ്ങളെ വേട്ടയാടാനുള്ള അവകാശം വേണമെന്നും വനാതിർത്തികളിലെ സ്ഥലം ഏറ്റെടുത്ത് വനമാക്കി മാറ്റുമ്പോൾ തൊട്ടടുത്ത കുടുംബങ്ങളും ഒഴിഞ്ഞു പോകേണ്ട സ്ഥിതിയുണ്ടാവുകയാണെന്നും യോഗത്തിൽ കർഷകരുടെ പ്രതിനിധികൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സണ്ണി പൈകട , ബേബി ചെമ്പരത്തി, ജോസ് മണിയങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.