കഥാപ്രസംഗ മഹോത്സവം 26 മുതൽ
1594397
Wednesday, September 24, 2025 7:53 AM IST
പിലിക്കോട്: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ 26 മുതൽ 28 വരെ മാണിയാട്ട് വിജ്ഞാനദായിനി ഗ്രന്ഥാലയ ഓഡിറ്റോറിയത്തിൽ 'കഥാകാലം' എന്ന പേരിൽ ഉത്തരമേഖല കഥാപ്രസംഗ മഹോത്സവം നടത്തും. ഉത്തരമേഖയിൽ മാണിയാട്ടും മധ്യമേഖലയിൽ എറണാകുളത്തും ദക്ഷിണമേഖലയിൽ കൊല്ലത്തുമാണ് അക്കാദമി കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കുന്നത്.
26നു വൈകുന്നേരം നാലിന് കേരള സംഗീത നാടക അക്കാദമി അധ്യക്ഷൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തും.
26ന് രാവിലെ 9.30ന് ആരംഭിക്കുന്ന ശില്പശാലയിൽ പ്രമുഖരായ കഥാപ്രസംഗകർ ക്ലാസെടുക്കും. എല്ലാ ദിവസവും വൈകുന്നേരം കഥാപ്രസംഗങ്ങളുടെ അവതരണം നടക്കും. അക്കാദമിയുടെ കഥാപ്രസംഗ ശില്പശാല രണ്ടാം തവണയാണ് മാണിയാട്ട് നടക്കുന്നത്. ടി.കെ.ഡി. മുഴപ്പിലങ്ങാട്, തോന്നയ്ക്കൽ വാസുദേവൻ, ഡോ. പ്രശാന്ത് കൃഷ്ണൻ, പ്രേമാനന്ദ് ചമ്പാട്, ഡോ. വസന്തകുമാർ സാംബശിവൻ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും.
28നു നടക്കുന്ന സമാപന സമ്മേളനം ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വർഷ മുഖ്യാതിഥിയായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട 30 പേർ ശില്പശാലയിൽ പങ്കെടുക്കും. ചിറക്കര സലീംകുമാർ നേതൃത്വം നൽകും. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് മാണിയാട്ടെ വീടുകളിലാണ് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. കഥാപ്രസംഗത്തിന് പുറമേ ഒരു ദിവസം നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികളും നടക്കും. പത്രസമ്മേളനത്തിൽ സംഗീത നാടക അക്കാദമി അംഗം രാജ്മോഹൻ നീലേശ്വരം, ടി.വി. ബാലൻ, പി.വി. രാജൻ, രാഘവൻ മാണിയാട്ട്, പി.വി. ദിനേശൻ എന്നിവർ പങ്കെടുത്തു.