ടി.എസ്. തിരുമുമ്പ് സ്മാരകത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
1593900
Tuesday, September 23, 2025 1:26 AM IST
മടിക്കൈ: സാംസ്കാരികവകുപ്പിനു കീഴിൽ മടിക്കൈ അമ്പലത്തറയിൽ നിർമിച്ച ടി.എസ്. തിരുമുമ്പ് സ്മാരക സാംസ്കാരിക സമുച്ചയത്തിന് ഉദ്ഘാടനത്തിനു മുമ്പേ നാലുലക്ഷം രൂപയുടെ വൈദ്യുതി ബിൽ കുടിശിക. ഹൈടെൻഷൻ വൈദ്യുതി കണക്ഷനായതിനാൽ മിനിമം ചാർജ് തന്നെ വലിയ തുക വരുന്നതാണ് പ്രശ്നമായതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ബില്ലടക്കാൻ ആരുമില്ലാതായതോടെ കെഎസ്ഇബി അധികൃതരെത്തി കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നാലേക്കർ സ്ഥലത്ത് സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണം തുടങ്ങിയത്. പണി പൂർത്തിയാവുന്നതിനു മുമ്പേതന്നെ ആ സർക്കാരിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് ഓൺലൈനായി ഒരു ഉദ്ഘാടനം നടന്നിരുന്നു. പണി പിന്നെയും തുടർന്നുപോയി. സ്ഥാപനം ഇതുവരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുമില്ല.
ഇത്തവണ മുഖ്യമന്ത്രിയെത്തന്നെ കൊണ്ടുവന്ന് ആഘോഷമായി വീണ്ടും ഒരു ഉദ്ഘാടനം നടത്താനുള്ള ആലോചനകൾക്കിടെയാണ് വൈദ്യുതി ബില്ലിന്റെ ബാധ്യത വന്നത്. ഉദ്ഘാടനത്തിന് തീയതി നിശ്ചയിക്കുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് ബില്ലടച്ച് വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ പഞ്ചായത്തും സാംസ്കാരിക വകുപ്പും.
ചെറുതും വലുതുമായ അഞ്ച് കെട്ടിടങ്ങളാണ് സമുച്ചയത്തിലുള്ളത്. ചരിത്ര ഗവേഷണ-പഠന കേന്ദ്രം, വായനശാല, സെമിനാർ ഹാൾ, രണ്ട് ഓഡിറ്റോറിയങ്ങൾ, തുറന്ന തീയറ്റർ, പുറമേ നിന്നെത്തുന്നവർക്ക് താമസസൗകര്യത്തിനുള്ള ഡോർമിറ്ററികൾ എന്നിവയെല്ലാം ഇതിനകത്തുണ്ട്.
അതേസമയം അവസാനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗത്വമുപേക്ഷിച്ച് ബ്രിട്ടീഷ് അധികാരികൾക്കുമുന്നിൽ കീഴടങ്ങുകയും തുടർന്ന് ഭക്തിമാർഗം സ്വീകരിക്കുകയും ചെയ്ത ടി.എസ്. തിരുമുമ്പിന്റെ പേര് സാംസ്കാരിക സമുച്ചയത്തിന് നൽകിയതിൽ ജില്ലയിലെ ഇടത് അനുഭാവികളുടെ ഭാഗത്തുനിന്നുതന്നെ എതിർപ്പുയർന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മടിക്കൈയിൽ നിന്നുതന്നെയുള്ള ആദ്യകാല നേതാവും ആദ്യ കേരള നിയമസഭയിലെ അംഗവും പട്ടികജാതിക്കാരനുമായിരുന്ന കല്ലളൻ വൈദ്യർക്ക് സ്മാരകം നിർമിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പാതിവഴിയിലാണ്.