ഒളിവില്‍ പോയ കാപ്പ കേസ് പ്രതി അറസ്റ്റിൽ
1594750
Friday, September 26, 2025 1:06 AM IST
കാഞ്ഞങ്ങാട്: ജില്ലാ കളക്ടറുടെ തടങ്കല്‍ ഉത്തരവറിഞ്ഞ് ഒളിവില്‍ പോയ കാപ്പാ കേസ് പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് തെക്കുപുറം സ്വദേശി ലാവാ സമീര്‍ എന്ന ടി.എം. സമീറിനെ (39) ഹൊസ്ദുര്‍ഗ് പോലീസ് സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്തു.
ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെ പോലീസ് സംഘം ഇന്നലെ പുലര്‍ച്ചെ രാവണീശ്വരം മുക്കൂട് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി.
2009 മുതല്‍ ഹൊസ്ദുര്‍ഗ്, ബദിയടുക്ക, രാജപുരം സ്റ്റേഷനുകളില്‍ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, എംഡിഎംഎ പോലുള്ള മയക്കുമരുന്നു വില്‍പ്പനക്കായി കൈവശം വെക്കല്‍ തുടങ്ങി 13ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സമീറിനെ ഇതിനുമുന്‍പ് 2015 വര്‍ഷത്തില്‍ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.