ദേശീയപാതയോരത്തെ വിളക്കുമരങ്ങൾക്ക് ‘അകാലചരമം’
1594407
Wednesday, September 24, 2025 7:54 AM IST
നീലേശ്വരം: ദേശീയപാതയോരത്ത് തദ്ദേശസ്ഥാപനങ്ങളുടെയും എംഎൽഎയുടെയും എംപിയുടെയും ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഉയരവിളക്കുകൾക്ക് അകാലചരമം. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പിഴുതുമാറ്റിയ ഉയരവിളക്കുകളിലധികവും ഇപ്പോൾ പാതയോരത്ത് മണ്ണുപിടിച്ചും കാടുകയറിയും തുരുമ്പിച്ച് കിടക്കുകയാണ്.
പിഴുതുമാറ്റുന്ന ഉയരവിളക്കുകൾ അതത് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പുതിയ പാതയുടെ നിർമാണം പൂർത്തിയായിക്കഴിയുമ്പോൾ ഉചിതമായ സ്ഥാനങ്ങളിൽ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു പാതയുടെ പണി തുടങ്ങിയ കാലത്ത് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എന്നാൽ, പണി തുടങ്ങിക്കഴിഞ്ഞപ്പോൾ ഒന്നും പാലിക്കപ്പെട്ടില്ല. കരാർ കമ്പനിയുടെ തൊഴിലാളികൾ ഉയരവിളക്കുകൾ പിഴുതെടുത്ത് പാതയോരത്തുതന്നെ ഉപേക്ഷിക്കുകയായിരുന്നു.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എംഎൽഎ ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് സ്ഥാപിച്ച ഉയരവിളക്ക് മാസങ്ങളായി പാതയോരത്തുതന്നെ മണ്ണുപിടിച്ച് കിടക്കുകയാണ്.
നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് തോട്ടം ജംഗ്ഷനിലും കാര്യങ്കോട് പാലത്തിനടുത്തും സ്ഥാപിച്ച വിളക്കുകൾ നഗരസഭാ അധികൃതർ ഏറ്റെടുത്ത് പഴയ നഗരസഭാ ഓഫീസിനു സമീപം സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ, അവിടെയും ഇവ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. ഇനി പാതയുടെ പണി പൂർത്തിയായിക്കഴിയുമ്പോൾ വീണ്ടും സ്ഥാപിക്കാൻ ഇവയിൽ എത്രയെണ്ണം ബാക്കിയുണ്ടാകുമെന്ന കാര്യം സംശയമാണ്.