ഐസ് പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ
1593901
Tuesday, September 23, 2025 1:26 AM IST
ബേക്കൽ: ഒരുകാലത്ത് ജില്ലയിലെ പ്രധാന ചെറുകിട വ്യവസായങ്ങളിലൊന്നായിരുന്നു ഐസ് പ്ലാന്റുകൾ. ജില്ലയുടെ തീരദേശത്ത് തലപ്പാടി മുതൽ ചെറുവത്തൂർ വരെ 14 ഐസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ട്രോളിംഗ് നിരോധനകാലം കഴിഞ്ഞ് മത്സ്യബന്ധനത്തിന്റെ സീസൺ തുടങ്ങിയാൽ ഐസ് പ്ലാന്റുകളിൽ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. ബോട്ടുകാർ മുതൽ ചെറുകിട വലക്കാർ വരെ ഐസ് കട്ടകൾക്കായി കാത്തിരിപ്പായിരുന്നു. കണ്ണൂരിലേക്കും മംഗളൂരുവിലേക്കുമെല്ലാം ജില്ലയിൽ നിന്നുള്ള ഐസ് കട്ടകൾ എത്തിയിരുന്നു.
കാലം മാറിയപ്പോൾ ഐസ് കട്ടകളുടെ നിർമാണച്ചെലവ് കുത്തനെ കൂടി. മീൻ ലഭ്യത കുറഞ്ഞതോടെ പഴയപോലെ ഐസ് കട്ടകൾ ആർക്കും ആവശ്യമില്ലാതായി. പക്ഷേ അല്പനേരം വൈദ്യുതി നിലച്ചാൽപോലും ഐസ് കട്ടകൾ ഉരുകിത്തുടങ്ങുമെന്നതിനാൽ പ്ലാന്റിലെ യന്ത്രങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. ഇതോടെ ഉയർന്ന നിർമാണച്ചെലവും വൈദ്യുതി ചാർജും കുറഞ്ഞ വരുമാനവും മൂലം ജില്ലയിലെ ഐസ് പ്ലാന്റുകളിൽ പലതും അടച്ചുപൂട്ടലിന്റെ വക്കിലായി. മുൻകാലങ്ങളിൽ പ്രതിദിനം നാനൂറിലേറെ ഐസ് കട്ടകൾ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 40 കട്ടകൾ വിറ്റുതീർന്നാൽപോലും സമാധാനമെന്ന നിലയായെന്ന് പ്ലാന്റ് ഉടമകൾ പറയുന്നു.
ഉപ്പും അമോണിയയുമാണ് ഐസ് നിർമാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുക്കൾ. രണ്ടിനും വിലകൂടി. 40 കിലോ ഉള്ള ഒരു ചാക്ക് കല്ലുപ്പിന് ഇപ്പോൾ 300 രൂപ വരെയായി. രണ്ടുമാസത്തേക്കാവശ്യമായ അമോണിയം ഗ്യാസ് സിലിൻഡറിന് നേരത്തേ 3500 രൂപയായിരുന്നത് ഇപ്പോൾ 10,500 രൂപയാണ്. അസംസ്കൃതവസ്തുക്കൾ ഉപ്പും അമോണിയയുമായതുകൊണ്ട് പ്ലാന്റിലെ യന്ത്രഭാഗങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ തുരുമ്പുപിടിച്ച് കേടാവും. അവയുടെ അറ്റകുറ്റപണികൾക്കും നല്ല തുക ചെലവാകും. 24 മണിക്കൂറും പ്രവർത്തിക്കേണ്ടതുകൊണ്ട് വൈദ്യുതി ബില്ല് മാസം ഒന്നരലക്ഷത്തിന് മുകളിൽ വരും. തൊഴിലാളികളുടെ കൂലി കൂടിയാകുമ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്ന് പ്ലാന്റ് ഉടമകൾ പറയുന്നു.
മീൻ ലഭ്യത കുറഞ്ഞതിനൊപ്പം വൻകിട ബോട്ടുകാർക്ക് സ്വന്തമായിത്തന്നെ ഫ്രീസർ പോലുള്ള സംവിധാനങ്ങൾ വന്നതും ഐസ് പ്ലാന്റുകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഉത്സവങ്ങളും മറ്റ് ആഘോഷപരിപാടികളും നടക്കുന്ന സ്ഥലങ്ങളിലേക്ക് ആവശ്യമായ വിധത്തിൽ ശുദ്ധമായ വെള്ളത്തിലുണ്ടാക്കുന്ന ഐസ് കട്ടകൾ ഉണ്ടാക്കി വില്പന നടത്തിയാണ് പലരും പിടിച്ചുനിൽക്കുന്നത്.